എം.വി. ഗോവിന്ദൻ മാസ്റ്റർക്കെതിരായ മാനനഷ്ടക്കേസ് തള്ളി; കെ. സുധാകരൻ ഹാജരാകാതിരുന്നത് നിർണായകമായി
അഡ്മിൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്കെതിരെ കെ. സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് എറണാകുളം സിജെഎം കോടതി തള്ളി. കേസിൽ തെളിവ് നൽകുന്നതിനായി പരാതിക്കാരനായ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാതിരുന്നതാണ് കോടതിയുടെ നടപടിക്ക് കാരണമായത്.
രണ്ടുതവണ അവസരം നൽകിയിട്ടും സുധാകരൻ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കേസ് തള്ളിക്കളഞ്ഞത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
2023 ജൂണിൽ ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയെ ഉദ്ധരിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു മാനനഷ്ടക്കേസ്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവസമയത്ത് കെ. സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്ന ആരോപണമാണ് വിവാദമായത്.
ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലായിരുന്നു മാനനഷ്ട ഹർജി നൽകിയത്. എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പുറമെ സമാന ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനുമെതിരെയും അദ്ദേഹം കേസെടുത്തിരുന്നു.