പിഎം ശ്രീയിൽ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം; കെഎസ്‌യു

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ യു.ഡി.എഫ്. സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. രംഗത്ത്. വെറും സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വിഷയത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.

മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ തീരുമാനങ്ങളെ ശക്തമായി പ്രതിരോധിച്ചവരാണ് കെഎസ്‌യു എന്നും ആ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ താല്പര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടായിരിക്കണം സർക്കാർ സ്വീകരിക്കേണ്ടതെന്നും വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശം സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് ജവാദ് പുത്തൂർ ഓർമ്മിപ്പിച്ചു. മുൻ എൽ.ഡി.എഫ്. സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്തവരാണ് കെഎസ്‌യു.


വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ്. സർക്കാരിനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

18-Jun-2026