മദ്യനികുതിയിളവ് വിവാദം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
അഡ്മിൻ
സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ ബഹളം. നികുതിയിളവ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളിയതാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ബജറ്റ് ചർച്ച നടക്കാനിരിക്കെ സമാനമായ വിഷയത്തിൽ പ്രത്യേക അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും, ബജറ്റ് ചർച്ചയ്ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.
ഇതിനെ തുടർന്ന് സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദം നടന്നു. വിഷയം എക്സൈസ് മന്ത്രിയോട് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെ.എൻ. ബാലഗോപാൽ ചോദിച്ചു. നികുതിയിളവിന് പിന്നിൽ അഴിമതിയുണ്ടെന്നും സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും, ചർച്ച ഉടൻ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
സ്പീക്കറുടെ തീരുമാനം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് താഴെ എത്തിയായിരുന്നു പ്രതിഷേധം. എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർന്ന് പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.