മദ്യനികുതി കുറച്ചതിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലും മുന്നണിയിലും ഉയർന്നിട്ടുള്ള കടുത്ത ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരിന് കഴിയണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

കോൺഗ്രസിനുള്ളിൽ തന്നെ പ്രഖ്യാപനത്തിനെതിരെ ഭിന്നസ്വരങ്ങൾ പുകയുന്നതിനിടെയാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയും നിലപാട് കടുപ്പിക്കുന്നത്. ‘പിറക്കട്ടെ, ലഹരിമുക്ത ഗ്രാമങ്ങൾ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് സാദിഖലി തങ്ങളുടെ പരാമര്‍ശം.

ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾക്കിടയിൽ ഇത്തരം പ്രഖ്യാപനങ്ങൾ തിരിച്ചടിയാകുമെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി. ലഹരിയെ നാടുകടത്താനായി സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി നാടും നഗരവും ഏറ്റെടുത്ത് നടപ്പാക്കുകയാണ്. കൂടാതെ കേരളത്തിലെ ഭാവി തലമുറയ്ക്ക് വേണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വാരിയർ ബാഡ്ജ് അണിഞ്ഞ് ലഹരിവിരുദ്ധ യാത്രയിലാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് ബജറ്റിൽ മദ്യത്തിന് ഇളവ് നൽകുന്ന പ്രഖ്യാപനവും വന്നിരിക്കുന്നത്. കുടുംബസമേതം നമുക്കും ലഹരി യുദ്ധമായ തൂഫാനിൽ ഒപ്പം ചേരാമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഈ നികുതിയിളവെന്ന ആക്ഷേപം മുന്നണിക്കുള്ളിൽ ശക്തമാണ്. എക്സൈസ് മന്ത്രി പോലും അറിയാതെയായിരുന്നു ബജറ്റിലെ ഈ പ്രഖ്യാപനമെന്നാണ് വിവരം. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മദ്യനയത്തിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് മുതിർന്ന നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ, ഒരാളുടെ തീരുമാനം കൂട്ടായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല എന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോണും തുറന്നടിച്ചു.

23-Jun-2026