ധവളപത്രത്തിലും ബജറ്റിലും ഒരേ നവലിബറൽ അജണ്ട; സർക്കാരിനെതിരെ പിണറായി വിജയൻ
അഡ്മിൻ
സംസ്ഥാന സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിലും ബജറ്റിലും ഒരേ നവലിബറൽ നയസമീപനമാണ് പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. റവന്യൂ കമ്മിയെ മുൻനിർത്തിയുള്ള വാദങ്ങൾ നവലിബറൽ ചിന്താഗതിക്കാരുടെ സ്ഥിരം പല്ലവിയാണെന്നും ധവളപത്രത്തിൽ അത് വ്യാപകമായി ആവർത്തിക്കുന്നതായി കാണാമെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന ഖജനാവ് കാലിയാണെന്ന പ്രചാരണത്തിന് സൈദ്ധാന്തിക ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് ധവളപത്രമെന്ന് പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ തനത് വരുമാനം 47,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടിയിലേക്ക് ഉയർത്താൻ കഴിഞ്ഞിരുന്നുവെന്നും സർക്കാർ മാറുമ്പോൾ ഖജനാവിൽ 5,000 കോടി രൂപ ശേഷിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് റിസർവ് ബാങ്കിന്റെ കണക്കുകൾ തന്നെ സാക്ഷ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ യാഥാർഥ്യങ്ങൾ മറച്ചുവെച്ച് ഖജനാവ് ശൂന്യമാണെന്ന ചിത്രം സൃഷ്ടിക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കടബാധ്യതയുടെ കണക്ക് പരിശോധിച്ചാൽ രാജ്യത്തെ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള ആദ്യ പത്ത് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങൾക്ക് ആശ്രയമായിരുന്ന സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള സമീപനമാണ് ധവളപത്രത്തിൽ പ്രകടമാകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. ലാഭകരമല്ലെന്ന പേരിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ നിർദേശിക്കുന്ന സമീപനമാണ് രേഖയിൽ ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിന്റെ തീരദേശ മേഖലകൾ, തുറമുഖങ്ങൾ, ആരോഗ്യ-ഊർജ മേഖലകൾ എന്നിവ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നിർദേശങ്ങളാണ് ധവളപത്രത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ചങ്ങാത്ത മുതലാളിത്തത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.