കൊൽക്കത്തയിൽ റോഡുകളുടെ പേരുമാറ്റാൻ സമിതിയെ നിയോഗിച്ച് സുവേന്ദു അധികാരി

പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത നഗരത്തിലെ തെരുവുകൾക്കും പ്രദേശങ്ങൾക്കും ഇനി മുതൽ മുഗൾ ഭരണാധികാരികളുടെയോ പത്താൻമാരുടെയോ ബ്രിട്ടീഷുകാരുടെയോ പേരുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.നഗരത്തിലെ റോഡുകളുടെയും പ്രദേശങ്ങളുടെയും പേരുകൾ പുനഃപരിശോധിക്കുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ ഒരു പ്രധാന പാതയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

കൊൽക്കത്തയിലെ പാർക്ക് സർക്കസ് പ്രദേശത്തെ പ്രധാന പാതയായ 'സുഹ്‌റവർദി അവന്യൂ'വിന്റെ പേര് മാറ്റി 'ഗോപാൽ മുഖർജി റോഡ്' എന്നാക്കാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

പശ്ചിമ ബംഗാൾ നിയമസഭയിലും ചൊവ്വാഴ്ച ഈ വിഷയം കടുത്ത വാദപ്രതിവാദങ്ങൾക്ക് കാരണമായി.
പാതയുടെ പഴയ പേരുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്‌തുതകളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ചരിത്രപുരുഷനായ സർ ഹസൻ സുഹ്‌റവർദിയെ, വിഭജനകാലത്തെ വിവാദ നായകനായ ഹുസൈൻ ഷഹീദ് സുഹ്‌റവർദിയായാണ് ഭരണപക്ഷം തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

24-Jun-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More