കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്; സുധീരന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പിണറായി
അഡ്മിൻ
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വിഎം സുധീരന്റെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . കഴിഞ്ഞ പത്ത് വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിനുള്ള അനുമതി ആദ്യമായി നൽകിയത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണെന്നും, തുടർന്ന് 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് സ്വകാര്യ ഖനനത്തിന് വഴിയൊരുക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. സുനാമിക്ക് ശേഷമുള്ള ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അന്നത്തെ സർക്കാർ സ്വകാര്യ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
2006-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചുവെന്നും, കേന്ദ്ര സർക്കാരിന്റെ അനുകൂല സമീപനവും കരിമണൽ കമ്പനികളുടെ നിയമനടപടികളും ഉണ്ടായിട്ടും ആ നിലപാടിൽ മാറ്റമുണ്ടായില്ലെന്നും പിണറായി വ്യക്തമാക്കി.
2011-ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ കേസിൽ സർക്കാർ മനഃപൂർവം തോൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും, എന്നാൽ ജനകീയ പ്രതിഷേധം കാരണം സ്വകാര്യ ഖനന പദ്ധതി നടപ്പാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്നതായിരുന്നുവെന്നും, അതിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നുവെന്നും പിണറായി അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്രം പിന്നീട് ഭേദഗതി പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലാ അധിഷ്ഠിതമായ റെയർ എർത്ത് ഇടനാഴിയെന്ന ആശയമാണ് എൽഡിഎഫ് മുന്നോട്ടുവെച്ചതെന്നും, എന്നാൽ നിലവിലെ ബജറ്റിലെ ‘റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ നിർദേശം സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്നതും കരിമണൽ ലോബിയുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതുമാണെന്നും പിണറായി വിമർശിച്ചു.
കരിമണൽ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് തന്നെ വി.എം. സുധീരൻ രംഗത്തെത്തിയിരുന്നുവെന്നും, ഇപ്പോൾ സ്വന്തം മുന്നണിയുടെ നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ചരിത്രവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പിണറായി കുറിപ്പിൽ ആരോപിച്ചു.
25-Jun-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ