സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ
അഡ്മിൻ
സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷ സംഭവങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായതായി ആരോപിക്കുന്ന പൊലീസ് അതിക്രമവും പ്രതിഷേധക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങളും ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും വിശദമായ അന്വേഷണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി സമർപ്പിച്ചത്.
ഫീസ് വർധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെയായിരുന്നു സംഘർഷമുണ്ടായത്. സമരഗേറ്റിന് സമീപം മാർച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാരെ നേരിടാൻ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചതായി എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സംഘടന വ്യക്തമാക്കി.
കേപ്, ഐഎച്ച്ആർഡി കോളേജുകളിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്ന ഫീസ് വർധന നടപടിക്കെതിരെയാണ് സമരം നടത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
സംസ്ഥാന സർക്കാർ മദ്യത്തിന് നികുതി കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ വർധിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മാർച്ചിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് സ്ഥിതി വഷളായതെന്ന് എസ്എഫ്ഐ ആരോപിച്ചു.
അതേസമയം, പൊലീസ് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് മുറിവേൽപ്പിച്ചെന്ന ഗുരുതര ആരോപണവും എസ്എഫ്ഐ ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.