ചിറയിൻകീഴ് കയ്യാങ്കളി; കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തിൽ കർശന നടപടിയുമായി കെപിസിസി. പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തംഗം സജിത്തും മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദും അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് അന്വേഷണ സമിതി റിപ്പോർട്ട് കെപിസിസിക്ക് സമർപ്പിച്ചത്.

റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയെടുത്തതെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. പാർട്ടിയുടെ അച്ചടക്കവും പൊതുസ്വീകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നേതൃത്വം വ്യക്തമാക്കി.

06-Sep-2026