‘ഇത്രയങ്ങ് മാറുമെന്ന് ജനങ്ങൾ കരുതിയില്ല’; പവർകട്ടിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് കെ.എസ്. അരുൺ കുമാർ
അഡ്മിൻ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ജനങ്ങൾ ദുരിതത്തിലാണെന്ന വിമർശനവുമായി അഡ്വ. കെ.എസ്. അരുൺ കുമാർ. സംസ്ഥാനത്തെ രൂക്ഷമായ പവർകട്ടിനെ പരിഹസിച്ചാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ സർക്കാരിനെതിരെ രംഗത്തെത്തിയത്.
“ഒരു മാറ്റം വരട്ടെ…… എന്ന് ജനങ്ങൾ ആഗ്രഹിച്ചപ്പോൾ ഇത്രയങ്ങ് മാറുമെന്ന് അവർ വിചാരിച്ചില്ല,” എന്നാണ് കെ.എസ്. അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. പവർകട്ടിൽ പ്രതിഷേധിച്ച് രാത്രി ജനങ്ങൾ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം രൂക്ഷമായതിനെ തുടർന്നാണ് തൃക്കാക്കര കെഎസ്ഇബി ഓഫീസിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. രാത്രിയിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം ജനജീവിതം ദുസ്സഹമാക്കുകയാണെന്നും ഓക്സിജൻ സപ്പോർട്ട് ആവശ്യമായ രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാകുകയാണെന്നും നാട്ടുകാർ ആരോപിച്ചു. വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ കാരണം കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നില്ലെന്നും പ്രതിഷേധക്കാർ പരാതിപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ കെഎസ്ഇബി എഇ ഓഫീസിലെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി.