ഏക സിവിൽ കോഡ് നടപ്പാക്കൽ; ബിജെപി സഖ്യത്തിൽ ആശങ്കയും ഭിന്നതയും
അഡ്മിൻ
മതം, ലിംഗം എന്നിവയുടെ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങൾ ഒരുപോലെ ബാധകമാക്കുന്ന നിയമവ്യവസ്ഥയാണ് ഏകീകൃത സിവിൽ കോഡ് (യുസിസി). 2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലെ സഖ്യകക്ഷികൾക്കിടയിൽ ആശങ്ക ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ മുന്നോട്ടുവച്ചതോടെ മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതയും ചർച്ചയാകുകയാണ്.
ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുമെന്ന് ജെഡിയു നേതാവ് സഞ്ജയ് ഝാ അറിയിച്ചു. ഇതോടെ ബിഹാറിൽ യുസിസി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിന് ജെഡിയുവിന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഏകീകൃത സിവിൽ കോഡിൽ വിപുലമായ ചർച്ച ആവശ്യമാണെന്ന നിലപാടിലാണ് തെലുഗുദേശം പാർട്ടി. വിഷയത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും നിർദ്ദേശം വിശദമായി പരിശോധിച്ച ശേഷം മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും ടിഡിപി വ്യക്തമാക്കി.
എൻഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനും ഏകീകൃത സിവിൽ കോഡിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ 2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം സഖ്യത്തിനുള്ളിൽ തന്നെ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.