ന്യൂ ഡൽഹി: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും ഐ ആര്‍ സി ടി സി സര്‍വീസ് ചാര്‍ജ് ഈടാക്കിത്തുടങ്ങി. ഇതോടെ യാത്രാ ഇളവിന് അര്‍ഹതയുള്ള യാത്രക്കാര്‍ ദുരിതത്തിലാവും.ഈ മാസം ഒന്നു മുതല്‍ നോണ്‍ എസി ക്ലാസുകളിലെ ടിക്കറ്റിന് പതിനഞ്ചു രൂപയും എസി ക്ലാസുകള്‍ക്ക് മുപ്പതു രൂപയും (ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെ) സര്‍വീസ് ചാര്‍ജായും ഒപ്പം ജിഎസ്ടിയുമാണ് ഐആര്‍സിടി സി(ഇന്ത്യന്‍ റയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ) ചുമത്തുന്നത്. യാത്രാ ഇളവിന് അര്‍ഹതയുളളവരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന അംഗപരിമിതരും അറുപത് വയസ് മുതലുള്ള മുതിര്‍ന്ന പൗരന്മാരും സര്‍വീസ് ചാര്‍ജ് നൽകേണ്ടി വരും. അറുപത് വയസു മുതല്‍ പുരുഷന്മാര്‍ക്ക് എല്ലാ ക്ലാസിലും നാൽപ്പതു ശതമാനവും സ്ത്രീകള്‍ക്ക് അന്‍പത് ശതമാനവും ഇളവ് ലഭിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെയും സര്‍വീസ് ചാര്‍ജ് കൂടി നൽകേണ്ടിവരും. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സെക്കന്റ് ക്ലാസ് സിറ്റിങില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് തൊണ്ണൂറ്റി അഞ്ചു രൂപ നല്‍കിയിരുന്ന സ്ഥാനത്ത് സര്‍വീസ് ചാര്‍ജും ജിഎസ്ടിയും ചേര്‍ത്ത് നൂറ്റിപ്പതിമൂന്നു രൂപ നല്‍കേണ്ടി വരും.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് മൂന്നു വര്‍ഷം മുന്‍പ് തീരുമാനമെടുത്തിരുന്നു , എന്നാൽ സര്‍വീസ് ചാര്‍ജ് റദ്ദാക്കിയതിലൂടെ ഇന്റര്‍നെറ്റ് ബുക്കിങ്ങിലൂടെയുള്ള വരുമാനത്തില്‍ 2016 – 2017 സാമ്പത്തികവര്‍ഷം 26 ശതമാനം കുറവുണ്ടായെന്നുമാണ് റയില്‍വെ പറയുന്നത്. ഇതാണ് തീരുമാനം മാറ്റാനുള്ള കാരണം.