എറണാകുളം: കൊച്ചി മേയര്‍ സൗമിനി ജയനെ മാറ്റിയേക്കും. വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന സൗമിനി ജെയ്നിനെ കൊച്ചി മേയർ സ്ഥാനത്തുനിന്നും മാറ്റണോ വേണ്ടയോ എന്നുള്ള വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്. നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് സൗമിനി ജയൻ വ്യക്തമാക്കിയിരുന്നു.
എറണാകുളത്തെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ മേയര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്നിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇനിയും ഇവരെ കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരവും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായി ഉടലെടുത്തിട്ടുണ്ട്. എറണാകുളം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സൗമിനി ജെയ്നിനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. സൗമിനിയെ മാറ്റണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്നിന് സാധിച്ചില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയർന്നിരുന്നു.