എയര്‍ ഇന്ത്യയെ വിറ്റുതുലയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയെ കൈയൊഴിയുന്ന കടുത്ത തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ പൂര്‍ണമായും വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയാണ്. നേരത്തെ തന്നെ എയര്‍ ഇന്ത്യയുടെ കുറച്ച് ഓഹരികള്‍ കൈവശം വെച്ച് നിയന്ത്രണം കൈമാറുന്ന തരത്തില്‍ ഓഹരിവില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഓഹരികള്‍ വാങ്ങാന്‍ ആരും മുന്നോട്ടുവരാതിരുന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഈ വിഷയം സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നിരവധി മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതിനര്‍ഥം കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരി കൈയില്‍ വെക്കുമെന്നല്ലെന്ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ് തുറന്ന് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നതിനുള്ള തെളിവാണ് സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഈ വാക്കുകള്‍. നിശ്ചിത ശതമാനം ഓഹരി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഗാര്‍ഗ് പറയുമ്പോള്‍, എയര്‍ ഇന്തയുടെ കച്ചവടം ഉറപ്പിച്ചുവെന്നുതന്നെ കണക്കുകൂട്ടാം.

രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനി നിലവില്‍ 50,000 കോടിയോളം കടത്തിലാണ്. നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ടുവെച്ചിരുന്നു. മുമ്പ് എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബി ജെ പി - ആര്‍ എസ് എസ് നേതൃത്വം നേരത്തെ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. അതിനാല്‍ ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനമാകാനാണ് സാധ്യത.

12-Jun-2018