പട്ടേലിന്റെ പ്രതിമയും ആര് എസ് എസിന്റെ രാഷ്ട്രീയവും
പ്രീജിത്ത് രാജ്
1948 സെപ്തംബര്‍ 11ന് അയച്ച ആ കത്തില്‍ ആര് എസ് എസിനോടുള്ള തന്റെ ആഭിമുഖ്യത്തെ പോലും വിസ്മരിച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ശക്തമായി എഴുതി : '' ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും കാര്യത്തിന്റെ ഒരു വശമാണ്. എന്നാല്‍, കഴിഞ്ഞ കാലത്തെ കഷ്ടപ്പാടുകളുടെ പ്രതികാരമായി നിസഹായരായ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും ആക്രമിക്കുന്നത് തികച്ചും വ്യത്യസ്ഥമായ മറ്റൊരു കാര്യമാണ്.... ഈ വിഷവ്യാപനത്തിന്റെ പരിണിതഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവന് ബലികഴിച്ച് രാജ്യത്തിന് യാതന അനുഭവിക്കേണ്ടി വന്നു. ആര് എസ് എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സര്‍ക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. എതിര്‍പ്പ് മാത്രമാണുള്ളത്. |
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്യുമ്പോള്‍, പട്ടേല്‍ രാജ്യത്തിന്റെ ആഭ്യന്തമന്ത്രിയായിരിക്കുന്ന കാലത്ത് ആര് എസ് എസിനെ നിരോധിച്ചതും പട്ടേലിന്റെ പ്രത്യേക പരിഗണനയോടെ ആ നിരോധനം പിന്‍വലിച്ചതുമൊക്കെ രാജ്യത്ത് ചര്‍ച്ചയാവും.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ, 'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്ന പേരില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനകത്ത് സ്ഥാപിക്കണമെന്ന അഭിപ്രായം ആദ്യം ഉയര്‍ന്നുവന്നത് ആര് എസ് എസിന്റെ നേതൃയോഗത്തിലാണ്. ആര് എസ് എസ് പ്രചാരകന് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രതിമാ സ്ഥാപനത്തിന്റെ ചുമതല ആര് എസ് എസ് നേതൃത്വം ഏല്‍പ്പിക്കുകയായിരുന്നു. അങ്ങിനെയാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും 2989 കോടി രൂപ ചെലവഴിച്ച് പട്ടേലിന്റെ പ്രതിമ യാഥാര്‍ത്ഥ്യമാക്കിയത്.
ആര് എസ് എസ് തീരുമാന പ്രകാരം വെടിവെച്ചു കൊന്നു എന്ന ആരോപണം ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയോ, നിരീശ്വരവാദിയും സോഷ്യലിസ്റ്റുമായ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമയോ സ്ഥാപിക്കാന്‍ ആര് എസ് എസിന് താല്പ്പര്യമില്ലാത്തത് കൊണ്ടാണ് വല്ലഭായ് പട്ടേല്‍ എന്ന പേരിലേക്ക് അവര്‍ എത്തിയത്. മാത്രമല്ല, 1948 ഫെബ്രുവരി 4ന് രാജ്യത്ത് നിരോധിക്കപ്പെട്ട ആര് എസ് എസിന്റെ നിരോധനം പിന്‍വലിച്ച് സജീവ പ്രവര്‍ത്തന ധാരയിലേക്കെത്തിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്ന രാജ്യത്തിന്റെ ആദ്യ ആഭ്യന്തര വകുപ്പ് മന്ത്രി തന്നെയാണ്. അതിനുള്ള നന്ദിപ്രകാശനം കൂടിയാണ് ഗുജറാത്തിലെ പട്ടേല്‍ പ്രതിമ.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് 1948 ഫെബ്രുവരി 4ന് ആര് എസ് എസിനെ നിരോധിച്ചത്. ''നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതും അതിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമായ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനുള്ള'' നിശ്ചയധാര്ഡ്യം ഇന്ത്യാ ഗവണ്മെന്റ് 1948 ഫെബ്രുവരി 2-ാംതിയ്യതി അവരുടെ പ്രമേയത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായി ആര് എസ് എസ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എങ്ങിനെയാണ് ആര് എസ് എസിന് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്ന കാര്യം സര്‍ക്കാരിന്റെ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. : ''സംഘിന്റെ (ആര് എസ് എസിന്റെ) അംഗങ്ങള്‍ അനഭികാമ്യവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആര് എസ് എസ് പ്രവര്‍ത്തകര്‍ കൊള്ളയും കൊള്ളിവെയ്പും കൊലപാതകവും നിയമവിരുദ്ധമായി ആയുധങ്ങളും പടക്കോപ്പുകളും സമാഹരിക്കലുമുള്പ്പെടെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വെടിക്കോപ്പുകള്‍ സമാഹരിക്കാനും സര്‍ക്കാരിനെതിരെ വിദ്വേഷം സൃഷ്ടിക്കാനും സര്‍ക്കാരിനെതിരെ പോലീസിനെയും പട്ടാളത്തെയും തിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും അവര്‍ ജനങ്ങള്‍ക്കിടയില്‍ ലഘുലേഘകള്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തുകയുണ്ടായി...''
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് പോലും അത് തുറന്നുപറയേണ്ടി വന്നു. ആ കാലഘട്ടത്തില്‍ രാജ്യത്തെ ഒരു പൗരനുപോലും ഗാന്ധിഘാതകര്‍ ആര് എസ് എസുകാരണെന്നതില് സംശയമുണ്ടായിരുന്നില്ല. എന്നാല്‍, അപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ആര് എസ് എസിനോട് അവനുഭാവമുള്ള വ്യക്തികളായി നിരവധി പേര് ഉണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ്് ആണെന്ന് എന്നറിഞ്ഞിട്ടുകൂടി, ആര് എസ് എസിന്റെ നിരോധനം നീക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിലെ ആ വിഭാഗം നിലപാടെടുക്കുകയായിരുന്നു.
മഹാത്മാ ഗാന്ധിയെ ആര് എസ് എസുകാര്‍ വെടിവെച്ചുകൊലപ്പെടുത്തിയപ്പോള് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എം എസ് ഗോള്‍വാക്കര്‍ക്ക് ഒരു കത്തയച്ചു. 1948 സെപ്തംബര്‍ 11ന് അയച്ച ആ കത്തില്‍ ആര് എസ് എസിനോടുള്ള തന്റെ ആഭിമുഖ്യത്തെ പോലും വിസ്മരിച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ശക്തമായി എഴുതി : '' ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും കാര്യത്തിന്റെ ഒരു വശമാണ്. എന്നാല്‍, കഴിഞ്ഞ കാലത്തെ കഷ്ടപ്പാടുകളുടെ പ്രതികാരമായി നിസഹായരായ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും ആക്രമിക്കുന്നത് തികച്ചും വ്യത്യസ്ഥമായ മറ്റൊരു കാര്യമാണ്.... ഇതിനൊക്കെ പുറമെ, തികഞ്ഞ വൈരാഗ്യബുദ്ധിയോടെ വ്യക്തിത്വവും അന്തസുമില്ലാതെ സംഘ് പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും ഒരുതരം അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. സംഘിന്റെ പ്രസംഗങ്ങളെല്ലാം വര്‍ഗീയ വിഷം നിറഞ്ഞ് തുളുമ്പുന്നതാണ്. ഹിന്ദുക്കളെ ഉന്മേഷവാന്മാരാക്കാനും സ്വയംസംരക്ഷണത്തിനായി അവരെ സംഘടിപ്പിക്കാനും വര്‍ഗീയവിഷം വ്യാപരിപ്പിക്കേണ്ട കാര്യമില്ല.
ഈ വിഷവ്യാപനത്തിന്റെ പരിണിതഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവന് ബലികഴിച്ച് രാജ്യത്തിന് യാതന അനുഭവിക്കേണ്ടി വന്നു. ആര് എസ് എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സര്‍ക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. എതിര്‍പ്പ് മാത്രമാണുള്ളത്. ഗാന്ധിജിയുടെ വധത്തിന് ശേഷം ആര് എസ് എസുകാര്‍ മിഠായി വിതരണം ചെയ്തപ്പോള്‍ എതിര്‍പ്പ് കൂടുതല്‍ ശക്തമാവുകയാണുണ്ടായത്. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര് എസ് എസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.... അതിനുശേഷം ആറുമാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിനുള്ളില്‍ ശരിയായി ചിന്തിച്ച് ആര് എസ് എസുകാര്‍ നേരായ മാര്‍ഗത്തിലെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പഴയ അതേ നടപടിയിലേക്ക് മടങ്ങി പോകാനുള്ള ശ്രമങ്ങളാണ് സംഘ് നടത്തുന്നത് എന്നത് വളരെ വ്യക്തമാണ്...''
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഈ കത്ത് പ്രസക്തമാണ്. ആര് എസ് എസ് ശരിയായി ചിന്തിച്ച് നേരായ മാര്‍ഗത്തിലേക്ക് ഇതുവരെയും എത്തിയിട്ടില്ല. അവര്‍ക്ക് അങ്ങനെ എത്താനാവുകയുമില്ല. അങ്ങനെ എത്താത്ത ആര് എസ് എസിന് ഗാന്ധിവധത്തിന് ശേഷം രാജ്യത്ത് പ്രവര്‍ത്തിക്കുവാനായി നിരോധനം ഒഴിവാക്കി നല്കിയതും കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രി പദത്തിലിരുന്ന ഈ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെയാണ്. എം എസ് ഗോള്‍വാക്കറുടെയും സംഘിന്റെയും സ്വാധീനത്തിന് പട്ടേല്‍ വഴങ്ങുകയായിരുന്നു. ഗുജറാത്തില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന്, ലോകത്തില്‍ നിന്ന് മഹാത്മാഗാന്ധിയെ നിര്‍മാര്‍ജ്ജനം ചെയ്ത രാഷ്ട്രീയം ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് പ്രതിപ സ്ഥാപിക്കുന്നത് തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആവോളം നടത്തുവാന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കിയതിനുള്ള കടപ്പാടുകൊണ്ടുതന്നെയാണ്.
രാജ്യത്ത് ദളിതരും ആദിവാസികളും ജീവിതം നിഷേധിക്കപ്പെട്ട് ആത്മഹത്യയിലേക്ക് നടന്നുകയറുമ്പോഴാണ്, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ആയിരക്കണക്കിന് കോടികള്‍ ചെലവഴിച്ച് ആര് എസ് എസിനെ സഹായിച്ച കോണ്‍ഗ്രസുകാരനെ പ്രതിമയുണ്ടാക്കി സ്മരിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര് എസ് എസ് പാളയത്തിലേക്ക് പോകാനുള്ള ഉത്തേജനം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ സ്ഥാപനത്തിലൂടെ ഉണ്ടാക്കിയെടുക്കാമെന്ന ആര് എസ് എസ് കണക്കുകൂട്ടലും കാണാതിരിക്കരുത്.
31-Oct-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്