പിണറായി സര്‍ക്കാരും മാവോയിസ്റ്റുകളും

മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനെ തടയുന്ന ഒരു നടപടിയും എല്‍ ഡി എഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് ആയുധം താഴെവയ്ക്കാന്‍ മാവോവാദികള്‍ തയ്യാറാണെങ്കില്‍ അതിനോട് പിണറായി വിജയന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന്' നാളുകള്‍ മുമ്പ് തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിന് ശേഷം നിലമ്പൂരിലും ഇപ്പോള്‍ അഗളിയിലും സംഭവിച്ചത് മുന്നണി എന്ന നിലയില്‍ എല്‍ ഡി എഫോ, സര്‍ക്കാരെന്ന നിലയില്‍ എല്‍ ഡി എഫ് സര്‍ക്കാരോ ആഗ്രഹിച്ച കാര്യമല്ല. കീഴടങ്ങുവാനുള്ള സാഹചര്യം ഉണ്ടായിട്ടും തോക്കിന്‍കുഴലിലൂടെ വിപ്ലവമുണ്ടാക്കാം എന്ന് വ്യാമോഹിച്ച മാവോയിസ്റ്റ് ദുര്‍ബുദ്ധി വരുത്തിവെച്ച ദുരന്തമാണ്.

സാമ്രാജ്യത്വ വിധേയമുള്ളതും കോര്‍പ്പറേറ്റുകള്‍ നയിക്കുന്നതുമായ മുതലാളിത്ത ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത്. അതിന്റെ രാഷ്ട്രീയ സാമ്പത്തികനയങ്ങളുടെ കൊള്ളരുതായ്മകളാണ് മാവോവാദികളെ സൃഷ്ടിക്കുന്നത്. അതിനാല്‍ മാവോപ്രസ്ഥാനത്തെ നേരിടേണ്ടത് കേവലമായ ക്രമസമാധാന പ്രശ്‌നം എന്ന നിലയില്‍ മാത്രമാകരുത്. ക്രമസമാധാന പ്രശ്‌നം എന്നതിനപ്പുറം സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇടതുപക്ഷം ദേശീയമായി നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ മാവോയിസ്റ്റുകളെ സംബന്ധിച്ച് പറയുമ്പോള്‍; ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരോ മനുഷ്യാവസ്ഥ നിഷേധിക്കപ്പെട്ടവരോ ആയ ആദിവാസികളോ ദളിതരോ പൊതുവായി അധിവസിക്കുന്ന സ്ഥലമല്ല കേരളം. ആ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇന്ന് നേരിടുന്ന ഭൂമിയെയും തൊഴിലിനെയുമൊക്കെ ആസ്പദമാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഇടതുപക്ഷവും പിണറായി വിജയൻ  സര്‍ക്കാരും സിപിഐ എം പോലുള്ള ജനാധിപത്യശക്തികളും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേതിന് തുല്യമായ അവസ്ഥയാണ് ഇവിടെയുള്ളത് എന്ന തരത്തില്‍ കേരളത്തെ ടാര്‍ജറ്റ് ചെയ്യുകയും ചെയ്യുന്ന മാവോരാഷ്ട്രീയനിലപാടിന് പിന്നില്‍ ദുരുദ്ദേശങ്ങളുണ്ട്. അത് തുറന്നുകാട്ടേണ്ടത് നാടിന്റെ പൊതു ആവശ്യമാണ്.

മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനെ തടയുന്ന ഒരു നടപടിയും എല്‍ ഡി എഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് ആയുധം താഴെവയ്ക്കാന്‍ മാവോവാദികള്‍ തയ്യാറാണെങ്കില്‍ അതിനോട് പിണറായി വിജയന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന്' നാളുകള്‍ മുമ്പ് തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിന് ശേഷം നിലമ്പൂരിലും ഇപ്പോള്‍ അഗളിയിലും സംഭവിച്ചത് മുന്നണി എന്ന നിലയില്‍ എല്‍ ഡി എഫോ, സര്‍ക്കാരെന്ന നിലയില്‍ എല്‍ ഡി എഫ് സര്‍ക്കാരോ ആഗ്രഹിച്ച കാര്യമല്ല. കീഴടങ്ങുവാനുള്ള സാഹചര്യം ഉണ്ടായിട്ടും തോക്കിന്‍കുഴലിലൂടെ വിപ്ലവമുണ്ടാക്കാം എന്ന് വ്യാമോഹിച്ച മാവോയിസ്റ്റ് ദുര്‍ബുദ്ധി വരുത്തിവെച്ച ദുരന്തമാണ്.

നിലമ്പൂരിലെന്നപോലെ അഗളിയിലും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെപ്പറ്റി രണ്ടഭിപ്രായം വന്നിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണമുണ്ടായി എന്നാണ് പോലീസ് മേധാവികള്‍ വിശദീകരിക്കുന്നത്. എന്നാല്‍, ഏകപക്ഷീയമായി പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവടക്കമുള്ള വലതുപക്ഷവും ചില മാധ്യമങ്ങളും അഭിപ്രായപ്പെടുന്നു. നിലമ്പൂരില്‍ വെടിവെപ്പിന് ശേഷം മാധ്യമങ്ങളെ ഫോണ്‍ ചെയ്ത് അറിയിച്ച മാവോവാദിതന്നെ, പൊലീസിനുനേരെ മൂന്നുതവണ താനും വെടിവെച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അഗളിയിലാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രദേശവാസികള്‍ മണിക്കൂറുകളോളം   മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായി എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആദ്യത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ അവിടെയുള്ള പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കും നേരെ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ നിന്നും അവരെ രക്ഷിക്കാന്‍ പൊലീസ് സംരക്ഷണ വലയം തീര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ വെടിവെച്ചപ്പോഴാണ് നാലാമത്തെ മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഇതില്‍ നിന്നും മനസിലാക്കാനാവുന്നത് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു എന്നാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ സായുധസേനയെ ഉപയോഗിച്ച് ഏകപക്ഷീയമായി വേട്ടയാടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്ന രാഷ്ട്രീയസമീപനമല്ല ഇടതുപക്ഷത്തിനും അവരുടെ സര്‍ക്കാരിനുമുള്ളത്. 

എതിരഭിപ്രായക്കാരെ വെടിവെച്ചുവീഴ്ത്തി ആശയങ്ങളെ അമര്‍ച്ച ചെയ്യാനാകുമെന്ന തെറ്റിദ്ധാരണ സിപിഐ എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവരെ വെടിവച്ചുകൊന്നിട്ട് വ്യാജ ഏറ്റുമുട്ടല്‍ എന്ന ചിത്രീകരണം നടത്തുന്ന പൊലീസ് രീതി ഇവിടെ സംഭവിച്ചിട്ടില്ലെന്ന് സംഭവങ്ങളെ നിഷ്പക്ഷതയോടെ സമീപിക്കുന്ന ആര്‍ക്കും ബോധ്യമാകും. മരിച്ചവര്‍ വിവിധ സംസ്ഥാനങ്ങള്‍ പിടികിട്ടാപ്പുള്ളികളായി ഇനാം പ്രഖ്യാപിച്ച അക്രമകാരികളായ തീവ്രവാദികളാണ്. അവര്‍ ആദിവാസി വിഭാഗത്തിലുള്ളവരെ സംഘടിപ്പിക്കുമ്പോഴോ, അവരുടെ യോഗം വിളിച്ചുകൂട്ടുമ്പോഴോ അല്ല ഏറ്റുമുട്ടലുണ്ടായിട്ടുള്ളത്. മാസങ്ങളായി നിയമവിരുദ്ധതാവളം സൃഷ്ടിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു മാവോയിസ്റ്റുകള്‍. പോലീസ് സേന ഇതുമനസിലാക്കി അവരോട് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയും ഇടനിലക്കാരെ ഉപയോഗിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. കീഴടങ്ങാമെന്ന് ഉറപ്പുനല്‍കുകയും അതിനായി മുന്നോട്ടുവരികയും ധാരണയ്ക്ക് വിപരീതമായി ആയുധം പ്രയോഗിക്കുകയും ചെയ്തപ്പോഴാണ് പൊലീസ് തിരികെ വെടിവെച്ചത്. മാവോയിസ്റ്റുകള്‍ വിചാരിച്ചാല്‍ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. നിയമത്തിന് മുന്നില്‍ കീഴടങ്ങിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജിന്റെ ഭാഗമാകാമായിരുന്നു. നിലവിലുള്ള കേസുകളില്‍ നിന്നും വിടുതല്‍ നേടാമായിരുന്നു. അത്തരം സാധ്യതകളൊന്നും ഉപയോഗിക്കാതെ സായുധമായുള്ള പോരാട്ടത്തിന് തുനിഞ്ഞതാണ് തിരികെയുണ്ടായ വെടിവെപ്പിന് കാരണമായത്.

കേരളത്തില്‍ മാത്രമായി വികസിപ്പിച്ചെടുത്ത ഒരു മാവോയിസം രാജ്യത്ത് നിലവിലില്ല. 2004ലാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചത്. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയും, പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞ നക്‌സല്‍ സംഘടനകളും ലയിച്ചാണ് 2004ല്‍ മാവോയിസ്റ്റ് സംഘടന ഉണ്ടായത്. അവരുടെ ഭരണഘടനയില്‍ പറയുന്നത്, ''1947ല്‍ ഇന്ത്യ നേടിയ സ്വാതന്ത്ര്യം യഥാര്‍ഥ സ്വാതന്ത്ര്യമല്ലാത്തതിനാല്‍ ചൈനീസ് മാതൃക പിന്തുടര്‍ന്നുകൊണ്ട് സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കണം'' എന്നാണ്. ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടി രാജ്യമാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം നടത്തുന്നത്. മാവോയിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടത്താന്‍ വേണ്ടിയണ് അവര്‍ തോക്കടക്കമുള്ള ആയുധങ്ങള്‍ പേറി നടക്കുന്നത്.

സിപിഐ എമ്മിന് വിപ്ലവവീര്യമില്ലെന്ന് പറഞ്ഞ് 1967ല്‍ കനു സന്യാല്‍, ചാരു മജുംദാര്‍, ജന്‍ഗള്‍ സാന്താള്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നക്‌സലൈറ്റ് പ്രസ്ഥാനത്തെ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആരംഭശൂരത്വമെന്നത് പോലെ ആദ്യഘട്ടത്തില്‍ അവര്‍ ചില ഭൂപ്രമാണിമാരെ കൊല്ലുകയും അവരുടെ സ്വത്ത് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അവര്‍ക്ക് ആ ആശയവുമായി മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ജനങ്ങള്‍ ആ പ്രവര്‍ത്തന രീതി അംഗീകരിച്ചില്ല. ഉള്‍ക്കൊണ്ടില്ല. തോക്കിന്‍ കുഴലിലൂടെ ഇന്ത്യയില്‍ വിപ്ലവം സാധ്യമാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. വൈകാതെ നക്‌സലുകളും അത് മനസിലാക്കി. തുടര്‍ന്ന് നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ നിന്നും ഇറങ്ങി നടന്ന പലരും ആത്മീയപാതയില്‍ വരെ ചേക്കേറി. 2004ല്‍ മാവോയിസ്റ്റ് സംഘടന രൂപീകരിച്ച ശേഷം അവര്‍ ഒരു ഭൂപ്രമാണിയുടെ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം നടത്തിയിട്ടില്ല. പകരം പാവപ്പെട്ട ആദിവാസി വിഭാഗക്കാരുടെ വീട്ടില്‍ കയറി അവരുടെ കഞ്ഞിക്കലത്തില്‍ കൈയ്യിട്ട്‌വാരി ബുദ്ധിമുട്ടിക്കുകയായിരുന്നു.

രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാനുള്ള സായുധസമരത്തെ കുറിച്ച് വാചാലരാകുന്ന മാവോയിസ്റ്റുകള്‍ അതിനായുള്ള ധനസമാഹരണത്തെ കുറിച്ചും പറയുന്നുണ്ട്. അവരുടെ ഭരണഘടനയില്‍ പറയുന്നത് അംഗത്വ ഫീസ്, ലെവി, പാര്‍ടിഫണ്ട്, സംഭാവന, നികുതികള്‍, പിഴ, പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ തുടങ്ങിയവയിലൂടെ ധനസമാഹരണം നടത്തണമെന്നാണ്. പക്ഷെ, മാവോയിസ്റ്റുകള്‍ ആ വഴികളൊന്നും പിന്തുടരുന്നില്ലെന്ന് മാത്രമല്ല, പലയിടങ്ങളിലും അവര്‍ മുതലാളിമാരുടെ പിണിയാളുകളായി നില്‍ക്കുകയാണ്. അവിടങ്ങളിലാണ് അവര്‍ ശക്തിപ്രാപിച്ചിട്ടുള്ളത്. ഒഡീഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഖനിമേഖലകളില്‍ മാവോയിസ്റ്റുകള്‍ സജീവമാണ്. അവിടങ്ങളില്‍ ഗോത്രമേഖലകളും പ്രവര്‍ത്തനകേന്ദ്രങ്ങളാക്കിയിട്ടുണ്ട്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ട് ഈ മേഖലയില്‍ നടത്തുന്ന അനിയന്ത്രിത ഖനനത്തിന് കാവല്‍ നില്‍ക്കുന്ന 'വിപ്ലവപ്രവര്‍ത്തന'മാണ് മാവോയിസ്റ്റുകള്‍ക്കുള്ളത്. സ്റ്റെര്‍ലൈറ്റ്, വേദാന്ത, ഹിന്താള്‍ക്കോ തുടങ്ങിയ ബഹുരാഷ്ട്രഭീമന്മാരായ ഖനിരാജാക്കന്മാരുമായി സന്ധി ചെയ്ത് രാജ്യത്ത് എന്ത് വിപ്ലവമാണ് മാവോയിസ്റ്റുകള്‍ സാധ്യമാക്കുക?

1996 മുതല്‍ 2018 വരെ മാവോയിസ്റ്റുകള്‍ കൊന്നൊടുക്കിയത് 8051 സാധാരണക്കാരെയാണ്. ഇതില്‍ ഒരു ഖനിരാജാവ് പോലുമില്ല. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ പലരും ഖനിരാജാക്കന്‍മാരെ എതിര്‍ത്ത പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകരാണ്. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്‌ഗോണില്‍ ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സിനുനേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണം അവരുടെ വര്‍ഗനിലപാടിനെ തുറന്നുകാട്ടുന്നതാണ്. ഖനി മുതലാളിമാര്‍ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള വര്‍ഗസമരത്തിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത് അവിടുത്തെ തൊഴിലാളികള്‍ക്കുനേരെയാണ്. ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സിന്റെ ഉടമയായ കമാല്‍ ശാരദയ്ക്ക് ഒന്നും സംഭവിച്ചില്ല. ആ കുത്തക മുതലാളി ചൂഷണത്തിലൂടെ സമ്പത്ത് കുന്നുകൂട്ടുകയാണ്. മാവോയിസ്റ്റ് സഹായത്തോടെ. 

കേരളത്തിലെ മാവോയിസ്റ്റുകളടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആയുധ ശേഖരണത്തിനുമൊക്കെ പണം ആവശ്യമാണ്. ഇതിനുള്ള ധനം സമാഹരിക്കുന്നത് കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്നാണ്. മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ സാമ്പത്തികസ്രോതസ്സ് ഖനി ഉടമകളാണ്. തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെയുള്ളവരില്‍നിന്ന് നടത്തുന്ന നിര്‍ബന്ധിത മാസപ്പിരിവും തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായി കൈപ്പറ്റുന്ന മോചനദ്രവ്യവുമൊക്കെ അവരുടെ ഫണ്ടിലേക്ക് വരുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി 1500 കോടി രൂപയെങ്കിലും മാവോയിസ്റ്റുകള്‍ ഇത്തരത്തില്‍ സമാഹരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഈ തുകയില്‍ ഒരു നാണയത്തുട്ടുപോലും മാവോയിസ്റ്റുകള്‍ തമ്പടിക്കുന്ന ഗോത്രവര്‍ഗ മേഖലയിലെ ദാരിദ്ര്യമോ, ചൂഷണമോ ഇല്ലാതാക്കാന്‍ വിനിയോഗിക്കുന്നില്ല. പാവപ്പെട്ട ഗോത്രവര്‍ഗക്കാരെ പോലും പീഡിപ്പിക്കുകയും അവരുടെ ആഹാരസാധനങ്ങള്‍ വരെ തട്ടിയെടുക്കുകയും ചെയ്യുന്ന മനുഷ്യത്വ രാഹിത്യമാണ് മാവോയിസ്റ്റുകളുടെ മുഖമുദ്ര.

കേരളത്തില്‍ എന്താണ് മാവോയിസ്റ്റുകള്‍ക്ക് കാര്യം? അവര്‍ വിഹരിക്കുന്ന സംസ്ഥാനങ്ങളിലെ സാമൂഹ്യ സാനമ്പത്തിക സാഹചര്യമല്ല കേരളത്തിലുള്ളത്. കേരളത്തിലെ വനമേഖലകള്‍ പോലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. എന്നിട്ടും ഇവിടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാവോവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പശ്ചിമബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ മമതയുടെ തൃണമൂലുമായും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരുമായും കോര്‍പ്പറേറ്റുകളുടെ ഒത്താശയോടെ മാവോയിസ്റ്റുകളുണ്ടാക്കിയ സഖ്യം ആരും മറന്നിട്ടില്ല. ബംഗാളില്‍ സിപിഐ എംന്റെ നിരവധി പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊലചെയ്തു. കേരളത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ഇവിടത്തെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോവാദി പ്രവര്‍ത്തനം സജീവമാക്കുകയും ഇതര സംസ്ഥാനങ്ങളിലെയടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം നടത്തുകയും ചെയ്യുന്നതിന് മുന്നില്‍ നിയമത്തിന് കണ്ണടയ്ക്കാന്‍ പറ്റില്ല. നിയമപരമായും ഭരണപരമായുമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കടമയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ട്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുതലക്കണ്ണീര്‍ കാണുമ്പോള്‍ ആ രാഷ്ട്രീയ കാപട്യത്തോട് പുച്ഛമാണ് തോന്നുന്നത്. രമേശ് ചെന്നിത്തലയുടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് 2013ല്‍ ആന്റി നക്‌സല്‍ സ്‌ക്വാഡിനും 2014ല്‍ കേരള ആന്റി ടെറര്‍ സ്‌ക്വാഡിനും രൂപം നല്‍കി ഏറ്റവും ആധുനികമായ ആയുധങ്ങളും നല്‍കി മാവോയിസ്റ്റുകളെ പ്രതിരോധിക്കാൻ വനാന്തരങ്ങളില്‍ പട്രോളിംഗിന് നിയോഗിച്ചത്. അതെന്തിനായിരുന്നു, തോക്കുകൾക്കൊണ്ടു കവിത രചിക്കാൻ ആയിരുന്നോ?

തിരുനെല്ലിക്കാട്ടില്‍ നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിനെ പൊലീസ് ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയായിരുന്നല്ലോ. അന്ന് ബയണറ്റുകൊണ്ട് വര്‍ഗീസിന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് വെടിവച്ചുകൊന്നു. അത്തരം പ്രവൃത്തികള്‍ നടത്തി പാരമ്പര്യമുള്ളവര്‍ക്ക് എല്ലാം അങ്ങനെയായി തോന്നുന്നതില്‍ അതിശയമില്ല. അടിയന്തരാവസ്ഥ കാലത്ത് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ വെച്ച് പൊലീസ് ഉരുട്ടിക്കൊന്നതും വര്‍ക്കല വിജയനെ കശാപ്പുചെയ്തതും നാദാപുരത്ത് കണ്ണനെ ക്രൂരമായി ഇല്ലായ്മ ചെയ്തതുമൊന്നും കോണ്‍ഗ്രസുകാര്‍ മറന്നുപോകരുത്. നക്‌സലിസത്തിന്റെ പേരുപറഞ്ഞ് കോണ്‍ഗ്രസും സി പി ഐയും ചേര്‍ന്ന് നയിച്ച സര്‍ക്കാരാണ് ഈ ക്രൂരതകളെല്ലാം ചെയ്തത്. യുഡിഎഫ് ഭരണത്തിലായിരുന്നല്ലൊ മുത്തങ്ങയില്‍ വെച്ച് ആദിവാസി വിഭാാഗത്തിലുള്ള ജോഗിയെ സമരസ്ഥലത്തുവച്ച് പൊലീസ് വെടിവച്ചുകൊന്നത്. അത് ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നില്ല. വേട്ടയാടിയുള്ള കൊലയായിരുന്നു. ആ പാതയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നത് ജനങ്ങൾക്ക് ബോധ്യമുണ്ട്. 

മാവോവാദികള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടാല്‍ സ്വീകരിക്കേണ്ട അനന്തരനടപടികളെന്തെന്ന് ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുള്ള നടപടികള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുപ്രകാരമാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിട്ട് ഏറ്റെടുക്കുന്നത്. അതുപോലെ മജിസ്‌ട്രേട്ടുതല അന്വേഷണവും നടക്കും. മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടല്‍ മരണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാനും ഒളിച്ചുവയ്ക്കാനും ഒന്നുമില്ല.

1951ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ച നയപ്രഖ്യാപന രേഖയില്‍ വിപ്‌ളവപ്രസ്ഥാനത്തില്‍ ബലപ്രയോഗത്തിനുള്ള സ്ഥാനം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ബലപ്രയോഗം വര്‍ജ്യമാണെന്ന ഗാന്ധിയന്‍ സിദ്ധാന്തത്തോട് കമ്യൂണിസ്റ്റ് പാര്‍ടി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ആ രേഖ, ബലപ്രയോഗത്തെ ഒരു പരിപാവനസിദ്ധാന്തമായി അംഗീകരിക്കുന്ന 'ഉടനടി വിപ്‌ളവകാരി'കളുടെ സമീപനത്തെയും തള്ളിക്കളയുകയാണ് ചെയ്തത്. ബലപ്രയോഗം നടത്തണമോ എന്നതല്ല പാര്‍ടിയുടെ മുന്നിലുള്ള പ്രശ്‌നം. ബഹുജനങ്ങളെ ഒരു സംഘടിത രാഷ്ട്രീയശക്തിയായി വളര്‍ത്തുക എന്നതാണ് പ്രധാനം. വിപ്‌ളവ ബഹുജന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കിടയില്‍ നടക്കുന്ന ബഹുജനസംഘട്ടനങ്ങളല്ലാതെ, ശത്രുവര്‍ഗത്തിലെ വ്യക്തികളെ ഉന്മൂലനം ചെയ്യുകയെന്നത് ഒരു പരിപാടിയായി പാര്‍ടി സ്വീകരിക്കുന്നില്ല. ആ രേഖയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ സമീപനമാണ് സിപിഐ എം സ്വീകരിച്ചുപോന്നിട്ടുള്ളത്. സി പി ഐ അതൊക്കെ ഓര്‍മിക്കുന്നുണ്ടോ എന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കേണ്ടതുണ്ട്.

നക്‌സലൈറ്റുകളെ എന്നപോലെ തന്നെ മാവോയിസ്റ്റുകളെയും യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാരായി സിപിഐ എം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലനസിദ്ധാന്തം മാവോവാദികള്‍ നടപ്പാക്കുന്നതിനെയോ, മാവോയിസ്റ്റുകളെ ഭരണകൂടഭീകരത സൃഷ്ടിച്ച് പൊലീസോ സായുധസേനയോ ഉന്മൂലനം ചെയ്യുന്നതിനെയോ പാര്‍ടി അനുകൂലിക്കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. നക്‌സല്‍ബാരിയില്‍ ഭൂമിക്കുവേണ്ടി പ്രസ്ഥാനമാരംഭിച്ചപ്പോള്‍ സിപിഐ എം അവരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, അവര്‍ വിനാശകരമായ 'സായുധ വിപ്‌ളവപാത' സ്വീകരിച്ചപ്പോള്‍ അവരുമായി വിയോജിക്കുകയും അകലം പാലിക്കുകയും ചെയ്തതും ചരിത്രത്തിലുണ്ട്. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വിവിധ ഗ്രൂപ്പുകളും സംഘടനകളും രാജ്യത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നിസ്വവര്‍ഗത്തിനുവേണ്ടി ഭൂമിക്കും കൂലിക്കും മാന്യമായ ജീവിതത്തിനും വേണ്ടി ഉയര്‍ത്തുന്ന ആവശ്യങ്ങളോട് യോജിപ്പും, അതിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെയും തീവ്രവാദത്തെയും അരാജകപ്രവര്‍ത്തനത്തെയും തള്ളിപ്പറയുകയും ചെയ്യുന്ന ഗരിമയാര്‍ന്ന നിലപാടാണ് സിപിഐ എം കൈക്കൊള്ളുന്നത്. ആ നിലപാട് മനസിലാക്കാനുള്ള രാഷ്ട്രീയബോധം രമേശ് ചെന്നിത്തലയ്ക്കും കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന വികാരജീവികള്‍ക്കും വേണം.