കാനത്തിന്റെ ചരിത്രത്തിലെ പൊള്ളത്തരങ്ങള്‍

1965ലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എവിടെയാണ് മുസ്ലീം ലീഗുമായി സിപിഐ എം മുന്നണി ഉണ്ടാക്കിയിട്ടുള്ളത്? സി പി ഐ സംസ്ഥാന സെക്രട്ടറി അത്തരത്തിലുള്ളൊരു നുണ, ചരിത്രമാക്കാന്‍ പരിശ്രമിക്കുന്നത് അന്ന് സി പി ഐ വെറും മൂന്ന് സീറ്റിലേക്ക് പട്ടുപോയതിന്റെ ജാള്യത മറക്കാനാവും ഇത്തരത്തിലുള്ള വളച്ചൊടിക്കല്‍. സിപിഐ എം 49 സീറ്റുകളില്‍ വിജയിച്ചതിന് പിറകിലുള്ള ബഹുജനപിന്തുണ മുസ്ലീംലീഗുമായി മുന്നണിയുണ്ടാക്കി നേടിയതാണെന്ന കാനത്തിന്റെ വ്യാജചരിത്ര നിര്‍മിതി പിന്‍വിച്ച് ഖേദം പ്രകടിപ്പിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. 1965ലെ തെരഞ്ഞെടുപ്പില്‍ നീലേശ്വരം, മാടായി, നാദാപുരം, മേപ്പയൂര്‍, തിരൂരങ്ങാടി, താനൂര്‍, കുറ്റിപ്പുറം, കൊണ്ടോട്ടി, മലപ്പുറം, നിലമ്പൂര്‍, പൊന്നാനി, മങ്കട, പെരിന്തല്‍മണ്ണ, ആലത്തൂര്‍ സീറ്റുകളില്‍ സിപിഐ എമ്മും മുസ്ലിംലീഗും തമ്മില്‍ തങ്ങളുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ചിരുന്നു. കാനം പറയുന്നത് പോലെ മുന്നണിയായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. 

കേരള കോണ്‍ഗ്രസ് എംലെ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം യു ഡി എഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്നിടത്തേക്ക് മൂര്‍ച്ഛിച്ചിരിക്കുന്നു. സ്വാഭാവികമായും യു ഡി എഫിന് ക്ഷീണം വരുന്ന കാര്യമാണത്. പക്ഷെ, ജോസ് കെ മാണി ഇല്ലാത്ത യു ഡി എഫും അതിലെ പടലപ്പിണക്കവുമല്ല ഇന്ന് ചര്‍ച്ചയാവുന്നത്. എല്‍ ഡി എഫിലേക്ക് കേരള കോണ്‍ഗ്രസ് എം വരുമോ എന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാക്കുകയാണ് ചില മാധ്യമങ്ങളും നേതാക്കളും.  

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇത്തരത്തിലുള്ള അനാവശ്യ സംവാദത്തിന് തുടക്കമിട്ടത്. എല്‍ ഡി എഫിലേക്ക് ഏതെങ്കിലും പാര്‍ട്ടി വരുന്നതോ, പോവുന്നതോ സി പി ഐയുടെ ആഭ്യന്തര കാര്യമല്ല. കേരള കോണ്‍ഗ്രസ് സി പി ഐയില്‍ ലയിക്കുന്നത് സംബന്ധിച്ചല്ല ചര്‍ച്ച. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും കാനം രാജേന്ദ്രന് അതില്‍ തീര്‍പ്പ് കല്‍പ്പിക്കാം. എല്‍ ഡി എഫില്‍ പത്ത് രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. എല്‍ ഡി എഫ് വിളിച്ചുചേര്‍ത്ത് അവിടെ ചര്‍ച്ച ചെയ്താണ് തീരുമാനം ഉണ്ടാക്കേണ്ടത്. അതിനൊന്നും ഇടകൊടുക്കാതെ വാര്‍ത്താ ചാനലുകളുടെ നാല് മൈക്ക് കണ്ടാല്‍ എന്തും വിളിച്ചുപറയുന്ന മനോഭാവം ആര് പ്രകടിപ്പിച്ചാലും അത് എല്‍ ഡി എഫിനെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ.  

കേരള കോണ്‍ഗ്രസ് അവരുടെ നിലപാട് പരസ്യമായി പ്രഖ്യപിച്ചാല്‍ മാത്രമേ അവരുടെ മുന്നണി പ്രവേശത്തെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ എല്‍ ഡി എഫില്‍ ഉണ്ടാവുകയുള്ളു. അതാണ് തുടര്‍ന്നുവരുന്ന രീതി. എല്‍ ജെ ഡി, വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ യു ഡി എഫ് വിട്ടുവന്നപ്പോള്‍ ആ രീതി നാം കണ്ടതാണ്. ഇപ്പോള്‍ മറിച്ചൊരു നിലപാടെടുക്കേണ്ട കാര്യമില്ല. യു ഡി എഫ് ദുര്‍ബലമാവുമ്പോള്‍ ആ മുന്നണിയിലെ ബഹുജനങ്ങളെ കൂടി ഉള്‍ക്കൊള്ളാനും ജനകീയാടിത്തറ വിപുലപ്പെടുത്താനുമാണ് എല്‍ ഡി എഫ് ശ്രമിക്കേണ്ടത്. മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവരെ മാത്രമേ മാറ്റി നിര്‍ത്തേണ്ട കാര്യമുള്ളു. കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കാനം രാജേന്ദ്രന് എന്തൊക്കെയോ മുന്‍വിധികളുണ്ടെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.

കാനം രാജേന്ദ്രന്റെ വര്‍ത്തമാനത്തെ കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ് പതിവ് വാര്‍ത്താ സമ്മേളനം നടക്കുമ്പോഴാണ്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ കോടിയേരി മാധ്യമങ്ങളോട് സിപിഐ എം നിലപാട് വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗവുമായി മുന്നണി പ്രവേശനം സംബന്ധിച്ച ഒരു ചര്‍ച്ചയും സിപിഐ എം നടത്തിയിട്ടില്ല. മാത്രമല്ല, ജോസ് കെ മാണി വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ അവരുമായി ചര്‍ച്ച സാധ്യമാവു എന്നും ബാക്കി കാര്യങ്ങള്‍ എല്‍ ഡി എഫ് ചേര്‍ന്ന് തീരുമാനിക്കുമെന്നും കോടിയേരി അന്ന് വ്യക്തമാക്കി. ദേശാഭിമാനി പത്രത്തില്‍ കോടിയേരി എഴുതിയ ഒരു അനുസ്മരണ കുറിപ്പില്‍, കേരള കോണ്‍ഗ്രസ് ബഹുജനപിന്തുണ ഉള്ള പാര്‍ടിയാണെന്നും അവര്‍ പുറത്തുപോകുമ്പോള്‍ യു ഡി എഫ് കൂടുതല്‍ ദുര്‍ബലമാകും എന്നും എഴുതിയത് സി പി ഐ സെക്രട്ടറിയെ ചില മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ഏറ്റുപിടിപ്പിച്ചിരുന്നു. അത് സംബന്ധിച്ചുള്ള കാനത്തിന്റെ പ്രതികരണത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് നേരെ ചോദ്യമുയര്‍ന്നപ്പോള്‍, ഒരു പാര്‍ട്ടിയുടെയും ജനപിന്തുണയെ കുറച്ചുകാണേണ്ടതില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കുമ്പോള്‍ മാത്രമേ ജനപിന്തുണ കൃത്യമായി വിലയിരുത്താന്‍ സാധിക്കുകയുള്ളു എന്നും കോടിയേരി പറഞ്ഞു. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസിനെ സംബന്ധിക്കുന്ന ഈ വിശദീകരണത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകോപിതനായതും കോടിയേരി ചരിത്രം വായിക്കണമെന്ന് ഉപദേശിച്ചതും.  

1965ലെ തെരഞ്ഞെടുപ്പ് ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണമെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. അന്ന് സിപിഐ എം മുസ്ലീംലീഗുമായി മുന്നണിയായി മത്സരിച്ചു എന്നാണ് കാനം ആരോപിച്ചത്. കാനത്തിന്റെ ആ പ്രസ്താവന വിശ്വസിച്ചുകൊണ്ട് ബി ജെ പി, കോണ്‍ഗ്രസ്, സിപിഐ സൈബര്‍ ആക്റ്റിവിസ്റ്റുകള്‍ സിപിഐ എംനെ സോഷ്യല്‍മീഡിയയില്‍ വേട്ടയാടി. സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ പദവിയിലിരിക്കുന്ന കാനം രാജേന്ദ്രന്‍ ഇത്തരത്തില്‍ നുണപ്രചരണം നടത്തുന്നത് ശരിയാണോ? അങ്ങനെയാണോ ഇടതുപക്ഷ ഐക്യം വളര്‍ത്തിയെടുക്കേണ്ടത്? എന്താണ് 1965ലെ ചരിത്രം?

1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു 1965ലേത്. സിപിഐ എമ്മും സിപിഐയും അന്ന് രണ്ടു പാര്‍ട്ടികളായാണ് മത്സരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 133 സീറ്റില്‍ മത്സരിച്ച് 36 സീറ്റുകള്‍ അന്ന് നേടി. സിപിഐ 79സീറ്റില്‍ മത്സരിച്ചു. ജയിക്കാനായത് വെറും 3 സീറ്റില്‍ മാത്രമായിരുന്നു. അന്ന് കേരള കോണ്‍ഗ്രസ് 54 സീറ്റില്‍ മത്സരിച്ച് 23 എം എല്‍ എമാരെ വിജയിപ്പിച്ചു. 1965ല്‍ സിപിഐ എം 73ല്‍ 49സീറ്റിലാണ് വിജയം നേടിയത്. മുസ്ലീം ലീഗ് 16ല്‍ 6 സീറ്റും, എസ്എസ്പി 29ല്‍ 13ഉം, സ്വതന്ത്രരായി മത്സരിച്ച 174സ്ഥാനാര്‍ത്ഥികളില്‍ 12 പേരും അന്ന് വിജയിച്ചു.

1965ലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എവിടെയാണ് മുസ്ലീം ലീഗുമായി സിപിഐ എം മുന്നണി ഉണ്ടാക്കിയിട്ടുള്ളത്? സി പി ഐ സംസ്ഥാന സെക്രട്ടറി അത്തരത്തിലുള്ളൊരു നുണ, ചരിത്രമാക്കാന്‍ പരിശ്രമിക്കുന്നത് അന്ന് സി പി ഐ വെറും മൂന്ന് സീറ്റിലേക്ക് പട്ടുപോയതിന്റെ ജാള്യത മറക്കാനാവും ഇത്തരത്തിലുള്ള വളച്ചൊടിക്കല്‍. സിപിഐ എം 49 സീറ്റുകളില്‍ വിജയിച്ചതിന് പിറകിലുള്ള ബഹുജനപിന്തുണ മുസ്ലീംലീഗുമായി മുന്നണിയുണ്ടാക്കി നേടിയതാണെന്ന കാനത്തിന്റെ വ്യാജചരിത്ര നിര്‍മിതി പിന്‍വിച്ച് ഖേദം പ്രകടിപ്പിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. 1965ലെ തെരഞ്ഞെടുപ്പില്‍ നീലേശ്വരം, മാടായി, നാദാപുരം, മേപ്പയൂര്‍, തിരൂരങ്ങാടി, താനൂര്‍, കുറ്റിപ്പുറം, കൊണ്ടോട്ടി, മലപ്പുറം, നിലമ്പൂര്‍, പൊന്നാനി, മങ്കട, പെരിന്തല്‍മണ്ണ, ആലത്തൂര്‍ സീറ്റുകളില്‍ സിപിഐ എമ്മും മുസ്ലിംലീഗും തമ്മില്‍ തങ്ങളുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ചിരുന്നു. കാനം പറയുന്നത് പോലെ മുന്നണിയായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.  

1965ലും സിപിഐ എം മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കിയിരുന്നു എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഇ എം എസ് അന്ന് സിപിഐയുമായി ധാരണയുണ്ടാക്കാന്‍ മുന്‍കൈയെടുത്തിരുന്നതിന് തെളിവുകളുണ്ട്. പക്ഷെ, സി പി ഐ ധാരണയ്ക്ക് തയ്യാറായില്ല. അന്ന് സി പി ഐ സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ പറഞ്ഞത്, ഇ എം എസ് വന്ന് സന്ദര്‍ശക ഗ്യാലറിയിലിരുന്ന് നിയമസഭ കാണട്ടെ എന്നായിരുന്നു. മൂന്ന് സീറ്റുകള്‍ ലഭിച്ചതുകൊണ്ട് സി പി ഐക്ക് സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കേണ്ടി വന്നില്ല. ഇ എം എസ് ആവട്ടെ ഏറ്റവും കൂടുതല്‍ സീറ്റുനേടിയ കക്ഷിയുടെ നേതാവായി.

1965ല്‍ സി പി ഐ, മുസ്ലീം ലീഗിനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു. മുസ്ലീം ലീഗിനെ കൊടിലുകൊണ്ടുപോലും തൊടാന്‍ പാടില്ല എന്ന നിലപാടായിരുന്നു അത്. തുടര്‍ന്ന് സംഭവിച്ചതും ചരിത്രമാണ്. 1967ല്‍ സിപിഐ എം, സി പി ഐ, എസ് എസ് പി, മുസ്ലീം ലീഗ് തുടങ്ങിയ ഏഴു കക്ഷികള്‍ ചേര്‍ന്ന് സപ്തകക്ഷി മുന്നണി രൂപീകരിച്ച് മത്സരിച്ചു. സിപിഐ എം 59 സീറ്റില്‍ മത്സരിച്ചു, 52 സീറ്റുകള്‍ നേടി. സി പി ഐ 22 ല്‍ 19 എണ്ണം നേടി. മുസ്ലീം ലീഗിന് 15 ല്‍ പതിനാലും കിട്ടി.  കേരള കോണ്‍ഗ്രസ് 61 സീറ്റില്‍ മത്സരിച്ചു 5 സീറ്റ് നേടിയപ്പോള്‍, 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് 9 സീറ്റ് മാത്രമായിരുന്നു.

1969ല്‍ ഇ എം എസ് മന്ത്രിസഭയെ മറിച്ചിട്ട്, കൊടിലുകൊണ്ടുപോലും തൊടാന്‍ പാടില്ലാത്ത മുസ്ലീംലീഗിനെ നെഞ്ചോടടുക്കി പിടിച്ച്, അച്ചുതമേനോനെ മുഖ്യമന്ത്രിയാക്കി സി പി ഐ മന്ത്രിസഭ രൂപീകരിച്ചു. എത്രപെട്ടെന്നാണ് അവരുടെ നിലപാട് മാറിയത്. അധികാരത്തിന്റെ, മുഖ്യമന്ത്രി കസേരയുടെ കാര്യമാവുമ്പോള്‍ പറഞ്ഞതൊക്കെ വിഴുങ്ങുന്ന ചരിത്രത്തിന്റെ നാറ്റമാണ് ഇവിടെ കാണാനാവുന്നത്. 1965ല്‍ മുസ്ലീം ലീഗിനെ വിശേഷിപ്പിച്ചത് പോലെ, ഇപ്പോള്‍ സി പി ഐ നേതാവ് ബിനോയ് വിശ്വം കേരള കോണ്‍ഗ്രസിനെ തൊട്ടുകൂടാത്തവരായി പറയുന്നുണ്ട്. പഴയ ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ.

കേരള കോണ്‍ഗ്രസിന്റെ എല്‍ ഡി എഫ് പ്രവേശനം സംബന്ധിച്ച് കാനം രാജേന്ദ്രന്‍ മുന്‍നിലപാടില്‍ നിന്ന് ഇപ്പോള്‍ മാറിയിട്ടുണ്ട്. അത് സ്വാഗതാര്‍ഹമാണ്. കേരള കോണ്‍ഗ്രസ് യു ഡി എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചാല്‍ എല്‍ ഡി എഫിലേക്ക് വരുന്ന കാര്യം പരിഗണിക്കാമെന്നാണ് സി പി ഐയുടെ പുതിയ നിലപാട്. ചരിത്രം അവിടെയും കാനത്തിനെ നോക്കി ചിരിക്കുന്നുണ്ട്. 1967ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി നിന്നപ്പോള്‍ ലഭിച്ച രാജ്യസഭാ അംഗത്വമടക്കമുള്ള സ്ഥാനമാനങ്ങള്‍ രാജിവെച്ചാണോ മുസ്ലീംലീഗുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് 1969ല്‍ മന്ത്രിസഭ രൂപീകരിച്ചത്. അതുപോലെ വലതുപക്ഷത്തിന്റെ ഭാഗമായി നിന്ന് അടിയന്തരാവസ്ഥാ പാതകങ്ങളൊക്കെ നടത്തി, ചെയ്തതെല്ലാം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് 1980ല്‍ ഇടതുപക്ഷത്തേക്ക് വരുമ്പോള്‍ വലതുപക്ഷത്തുനിന്നും ലഭിച്ചിരുന്ന രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നോ?

സിപിഐ എംനോട് ചരിത്രം വായിച്ചുനോക്കാന്‍ ആഹ്വാനം ചെയ്യുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി സ്വന്തം ചരിത്രത്തിലെ പൊള്ളത്തരങ്ങള്‍ മങ്ങാതെ, മായാതെ തെളിഞ്ഞിരിപ്പുണ്ട് എന്നത് മറന്നു പോവരുത്.