കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് തമിഴ് സൂപ്പർതാരം വിജയ്. ഫോണിൽ ബന്ധപ്പെടാൻ താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ദുരന്തം നടന്നതിന്റെ അടുത്ത ദിവസം തന്നെ അമിത് ഷായുടെ ഓഫീസ് വിജയ്‌യെ ബന്ധപ്പെട്ടെങ്കിലും, താത്പര്യമില്ലെന്ന് മറുപടി നൽകുകയായിരുന്നു എന്നാണ് വിവരം.

വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ, സിനിമാ മേഖലയിലെ ചില പ്രമുഖർ, ടി.വി.കെ.യുടെ (തമിഴക വെട്രി കഴകം) മുതിർന്ന നേതാക്കൾ എന്നിവർ വഴിയാണ് അമിത് ഷായുടെ ഓഫീസ് വിജയ്‌യെ ബന്ധപ്പെടാൻ ശ്രമിച്ചത്. ഫോൺ സംഭാഷണത്തിന് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അമിത് ഷായോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു.

അതേസമയം, വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ അടുത്ത രണ്ടാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ടി.വി.കെ ഔദ്യോഗികമായി അറിയിച്ചു. കരൂർ ദുരന്തത്തിൽ വിശദീകരണവുമായി വിജയ് രംഗത്തെത്തി. ഈ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. “ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ല,” എന്ന് വിജയ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ദുരിതത്തിലായവർക്കൊപ്പം താൻ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.