ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു യുവതി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും ഇവർ പരാതി കൈമാറിയിട്ടുണ്ട്. 23- കാരിയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. കൂടാതെ, ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചെന്നും യുവതി ആരോപിക്കുന്നു. പോലീസിൽ പരാതി നൽകാതിരുന്നത് ഭയം കാരണമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് ഇമെയിൽ മുഖേന നേതാക്കൾക്ക് അയച്ച പരാതിയിലെ പ്രധാന ആരോപണം. ഈ പുതിയ പരാതി പുറത്തുവരുമ്പോഴും, മുൻ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.