ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ പൊലീസ് കേസെടുത്തു. പീഡനം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരസഭയിലെ 24-ാം വാർഡായ കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ് പ്രശോഭ്.

പരാതി പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളിക്കെതിരെ നിയമനടപടി വേണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും പ്രതികരിച്ചു.