പാര്‍ട്ടി വിട്ട മുന്‍ എംഎല്‍എയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പികെ ശശിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വഞ്ചകന്മാര് ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഞ്ചകന്മാര് അനുഭവിക്കാന്‍ പോകുന്നേയുള്ളുവെന്നും യുഡിഎഫ് ഗതികേടിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.
യുഡിഎഫ് എത്രമാത്രം ഗതികേടിലാണ് എന്ന് നോക്കണം. യുഡിഎഫിന്റെ ആ ഗതികേടിന്റെ ചിത്രം ഇവിടെ ശരിയായ രീതിയില്‍ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്മാര്ക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.
ആ ഒറ്റപ്പെടല്‍ അതിന്റേതായ രീതിയില്‍ വഞ്ചകന്മാരെല്ലാം അനുഭവിക്കാന്‍ പോവുകയാണ്. നാടിനെ പരിഹസിക്കാനും നാട്ടുകാരം വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും തയാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. ഇത് ഒരു പാഠമായെടുക്കുക – മുഖ്യമന്ത്രി പറഞ്ഞു.
