ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യത്തെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്.

പരമോന്നത നേതാവായ മുജ്തബ ഖമേനിയുടെ അധികാരങ്ങൾ സൈന്യം ഗണ്യമായി കുറച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ എല്ലാ സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്ന പരമോന്നത നേതാവ് ഇപ്പോൾ വെറുമൊരു പ്രതീകമായി മാറിയിരിക്കുകയാണ്.

സൈനിക നേതൃത്വമാണ് ഇപ്പോൾ ഇറാനിലെ നയതന്ത്ര നീക്കങ്ങൾ നിയന്ത്രിക്കുന്നത്.ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന യുദ്ധമാണ് ഇത്തരമൊരു ഭരണമാറ്റത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. യുദ്ധകാലത്ത് തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നതിനായി സൈന്യം അധികാരം കേന്ദ്രീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ സിവിലിയൻ ഭരണകൂടവും നിഷ്പ്രഭമായി മാറിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സൈനിക ഇടപെടൽ നിർണ്ണായകമാണ്. സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സൈന്യത്തിന് കഴിയുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ ഈ നീക്കം രാജ്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തിയേക്കാം.സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സമിതിയാണ് ഇപ്പോൾ ഇറാനിലെ ഭരണകാര്യങ്ങൾ നോക്കിനടത്തുന്നത്. വിദേശനയത്തിലും യുദ്ധതന്ത്രങ്ങളിലും ഇവർക്ക് മാത്രമാണ് ഇപ്പോൾ തീരുമാനമെടുക്കാൻ അവകാശമുള്ളത്.

മതനേതൃത്വവും സൈന്യവും തമ്മിലുള്ള തർക്കങ്ങൾ ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര തലത്തിൽ ഇറാന്റെ ഈ നീക്കം വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. സൈനിക ഭരണം ഇറാനെ കൂടുതൽ അപകടകരമായ നിലപാടുകളിലേക്ക് നയിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഭയപ്പെടുന്നു. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇനി സൈന്യമായിരിക്കും കൈക്കൊള്ളുക.