സ്വർണ്ണക്കടത്തിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല: വെള്ളാപ്പള്ളി
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും സ്വർണ്ണക്കടത്ത് വിവാദത്തിലും നിലപാട് വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നാക്കക്കാർക്ക് കൂടുതൽ പരിഗണനയും പരിരക്ഷയും ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നാമനിർദ്ദേശ പത്രിക നൽകിയവരിൽ കൂടുതലും പിന്നാക്കക്കാരാണ്. ‘ഭരിക്കാൻ മറ്റുള്ളവരും, വോട്ട് ചെയ്യാൻ പിന്നാക്കക്കാരും’ എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്.
സ്വർണ്ണക്കടത്തിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഈ തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആകില്ലെന്നും, സ്വർണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനങ്ങളെല്ലാം അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണ്’ എന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ – ബി.ഡി.ജെ.എസ് തർക്കം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, രാഷ്ട്രീയത്തിൽ പരസ്പരം മത്സരങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിൽ മത്സരങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഒരാൾ ജീവനൊടുക്കുന്നത് വളരെ മോശമായ കാര്യമാണെന്ന് ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.