സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു നേതാവുമായ യു പോക്കറെ അധിക്ഷേപിച്ചു പുറത്താക്കിയെന്ന് പ്രമുഖ നേതാക്കളുടെ ആരോപണം. പോക്കർ പുറത്തുപോകേണ്ടി വന്ന വിഷയം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല എന്നിവർ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം.
നല്ലളം വാർഡിലെ സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ പക്ഷം. പാർലമെന്റി പാർട്ടി യോഗം ചേർന്ന് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. പ്രതിഷേധ സൂചകമായി സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ നിന്നും ഷാഫി ചാലിയം ഇറങ്ങിപ്പോയി.
പാർലമെൻററി പാർട്ടിയിൽ തീരുമാനമെടുത്തത് എം സി മായിൻ ഹാജി അടക്കം മൂന്നുപേരാണെന്നും പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു. ചില നേതാക്കളുടെ താൽപര്യപ്രകാരം ഏകപക്ഷീയ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾ വിമർശിച്ചു.