പെരിങ്ങമല സഹകരണ സംഘത്തിലെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു

പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബിജെപി നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു. സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉത്തരവ്.

ഭരണ സമിതി അംഗങ്ങൾ വായ്പയെടുത്തത് ചട്ടം ലംഘിച്ചാണെന്നും നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നുമാണ് കണ്ടെത്തൽ. 2013ൽ സഹകരണ സംഘം പൂട്ടുമ്പോൾ 4.16 കോടിയായിരുന്നു നഷ്ടം. പ്രസിഡന്റായിരുന്ന ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്‌ക്കേണ്ടത്.

ഭരണസമിതിയിലെ 16ൽ ഏഴ് പേർ 46 ലക്ഷം വീതവും ഒമ്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. 2013 മുതൽ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിക്കും സഹകരണ സംഘത്തിൽനിന്ന് പണം ലഭിക്കാനുണ്ട്.

19-Nov-2025