സുരേഷ് ഗോപിക്ക് അതൃപ്തി; തൃശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റുന്നു
അഡ്മിൻ
തൃശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി മുന്നോട്ടു പോകുന്നു. ബിജെപി എംപിയായ സുരേഷ്‌ഗോപിയുടെ അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ മത്സരിക്കാൻ പാർട്ടി ആദ്യം പ്രഖ്യാപിച്ചിരുന്ന ഡോ. വി. ആതിര വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മത്സരത്തിൽ നിന്ന് പിന്മാറിയതായി ആണ് ബിജെപി അറിയിച്ചിരിക്കുന്നത്. . ഇതിനെ തുടർന്ന് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ സജീവമായി.
സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദം പരിപാടിയിൽ അദ്ദേഹം വന്നപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്നതിനാലും, സുരേഷ്‌ഗോപിക്ക് ഇരിക്കാനുള്ള വിരിപ്പ് വിരിക്കാതിരുന്നതുമാണ് സുരേഷ്‌ഗോപിക്ക് അതൃപ്തി ഉണ്ടാകാനുള്ള കാരണം എന്നാണ് ഒരു വിഭാഗം പറയുന്നത്. സുരേഷ്‌ഗോപിയെ സ്വീകരിക്കാനുള്ള ചുമതല ആതിരയ്ക്കായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ആതിരയ്ക്ക് പകരമായി കാനാട്ടുകര ഡിവിഷനിലെ ഒരു നൃത്ത അധ്യാപികയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയാണിപ്പോൾ കൂടുതൽ മുന്നോട്ട് പറയുന്നത്.
ഇതിനിടെ, കുട്ടൻകുളങ്ങരയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബിജെപിക്കുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസം തുടരുകയാണ്. ഡിവിഷനിലെ രണ്ടു വനിതാ നേതാക്കളും സീറ്റിനായി ശക്തമായ തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രശ്നം ശമിപ്പിക്കുന്നതിനായി പുറത്തുനിന്നുള്ള പ്രമുഖ വനിതാ നേതാവിനെ ഇറക്കി മത്സരിപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കുന്നുവെന്നാണ് വിവരം.