ഡിവൈഎഫ്ഐ നേതാവ് ഷഹീറലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ

പാലക്കാട് ഡിവൈഎഫ്ഐ നേതാവ് പി. ഷഹീറലിയെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഷഹീറലി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഥമദൃഷ്ട്യാ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സ്റ്റേ ഉത്തരവിനെ തുടർന്ന് പി. ഷഹീറലിക്ക് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുങ്ങി. പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സമയബന്ധിതമായി സമർപ്പിച്ചില്ലെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപ് ഷഹീറലിയെ അയോഗ്യനാക്കിയിരുന്നത്.

ഷഹീറലിയുടെ ഹർജിയിൽ അഭിഭാഷകരായ ഇർഫാൻ ഇബ്രാഹിം സേറ്റ്, പത്മാ ലക്ഷ്മി എന്നിവരാണ് കോടതിയിൽ ഹാജരായത്.

21-Nov-2025