തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്. അതേസമയം തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അത് കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത്തവണ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല.
മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, എറണാകുളം ജില്ലകളിലും ബിജെപി സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ട്.
ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ അടക്കം വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇതിലാണ് തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്ന് നേതാക്കള്‍ വിലയിരുത്തിയത്. എന്നാല്‍ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതോടെ ചിത്രം തെളിയുകയായിരുന്നു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ അടക്കം വിവിധ ജില്ലകളില്‍ ബിജെപി നേതാക്കളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ചിലയിടത്ത് പിന്‍താങ്ങാന്‍ ആളില്ലാത്തതിനാല്‍ ബിജെപിക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചിരുന്നില്ല.