കെപിസിസി പ്രസിഡൻ്റും, പ്രതിപക്ഷ നേതാവുമൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്: കെ.കെ രാഗേഷ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ ഭീഷണി കാരണമാണ് സ്ഥാനർഥികളെ നിർത്താത്തത് എന്ന കോൺഗ്രസിൻ്റെ അവകാശ വാദത്തിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി. ഇക്കാലത്ത് ആരെങ്കിലും ഭീഷണിക്ക് വഴങ്ങി നിൽക്കുമോ എന്നും ഡിസിസി പ്രസിഡൻ്റും, കെപിസിസി പ്രസിഡൻ്റും, പ്രതിപക്ഷ നേതാവുമൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്നും കാലം മാറിയെന്ന് മനസിലാക്കണമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനർഥിയുടെ ഒപ്പ് വ്യാജം തന്നെയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. നാല് സ്ഥലത്തും നാല് ഒപ്പ് കണ്ടതുകൊണ്ടാണ് സിപിഐഎം ചോദ്യം ചെയ്തത്. പരാതി ഉയർന്നപ്പോൾ സ്ഥാനാർഥി നേരിട്ട് ഒപ്പിട്ടപ്പോൾ അതും വ്യത്യസ്തമായിരുന്നു, എന്നും രാഗേഷ് വ്യക്തമാക്കി.

വാട്സ്ആപ് വഴി സത്യപ്രതീജ്ഞ എടുത്തതിനാലാണ് കണ്ണപുരത്ത് യുഡിഎഫിൻ്റെ പത്രിക തള്ളിയത്. ഇതൊക്കെ എന്തിനാണ് സിപിഐഎമ്മിൻ്റെ തലയിലിടുന്നതെന്നും, നോമിനേഷൻ കൊടുക്കാൻ കോൺഗ്രസ് പഠിപ്പിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

കണ്ണൂരിൽ സിപിഐഎം ജനാധിപത്യ കശാപ്പാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് വിമർശിച്ചിരുന്നു. ആന്തൂർ നഗരസഭയിൽ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ആന്തൂരിൽ ആരെയും തട്ടിക്കൊണ്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും പത്രിക നൽകാൻ പോലും ആളില്ലാത്തതിൻ്റെ ജാള്യതയിലാണ് ആരോപണമെന്നും മുൻ നഗരസഭ ചെയർമാനും സിപിഐഎം നേതാവുമായ പി. കെ. ശ്യാമള മറുപടിയും നൽകിയിരുന്നു.

 

23-Nov-2025