എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍

എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ റിബലുകള്‍ രംഗത്ത്. പഞ്ചായത്തിലെ 12, 16 വാര്‍ഡുകളിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ മത്സരത്തിനിറങ്ങുന്നത്.

പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് സെക്രട്ടറിയും ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയുമായ അഷ്‌കറിനെതിരെ കെഎംസിസി നേതാവ് അമ്പിടാട്ടില്‍ കുഞ്ഞബ്ദുള്ളയാണ് മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി വലിയപറമ്പത്ത് മജീദും രംഗത്തുണ്ട്. പതിനാറാം വാര്‍ഡില്‍ നിലവിലെ മെമ്പര്‍ വി. ഷരീഫക്കെതിരെ ഷബ്‌നയാണ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷം: വിദേശത്തേക്ക് കടന്ന കുടുക്കില്‍ ബാബു നാട്ടിലെത്തിയതായി വിവരം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരത്ത് വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എടച്ചേരിയില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ കൂടി മത്സരിക്കുന്നെന്ന വാര്‍ത്തകള്‍ വരുന്നത്. സ്ഥാനാര്‍ഥികള്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ പുറത്തിറക്കിയിട്ടുണ്ട്.

നാദാപുരത്ത് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിക്കൊണ്ടാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, വാണിമേല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊറ്റാല എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇതിന് പിന്നാലെ തന്നെ ലീഗില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

23-Nov-2025