അപരൻ കൊടുത്ത പണിയിൽ വെട്ടിലായത് കോഴിക്കോട് കോർപ്പറേഷൻ പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുൽ ജബ്ബാർ. ജബ്ബാർ വെള്ളിമാടുകുന്ന് എന്നാ പേരിലായിരുന്നു മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറുമെല്ലാം ഇറക്കിയത്. അത് വാർഡിൽ എല്ലായിടത്തും പതിക്കുകയും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തു.
പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചപ്പോൾ അപരനാണ് ജബ്ബാർ വെള്ളിമാടുകുന്നായി മാറിയത്. ഒറിജിനൽ സ്ഥാനാർത്ഥി വെറും അബ്ദുൽ ജബ്ബാറുമായി. നാമനിർദേശപത്രിക നൽകിയപ്പോൾ ബാലറ്റിൽ ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ചേർക്കാനുള്ള കത്ത് കൊടുക്കാൻ വിട്ടുപോയതാണ് അബ്ദുൽ ജബ്ബാറിന് വിനയായത്.
ഇത് മനസ്സിലാക്കി കരുവിശ്ശേരിക്കാരനായ ജബ്ബാർ അപരനായി പത്രിക നൽകി. ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ബാലറ്റിൽ വരാൻ കത്തും നൽകുകയും അത് തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായിരിക്കുകയാണ് പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുൽ ജബ്ബാർ.