അന്ന് സോണിയ അധികാരം വേണ്ടെന്ന് വെച്ചു; ചരിത്രം ഓർമ്മിപ്പിച്ച് ശിവകുമാർ
അഡ്മിൻ
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി സിദ്ധരാമയ്യയുമായുള്ള രാഷ്ട്രീയ പോരാട്ടം കടുക്കുന്നതിനിടെ, ഡി.കെ. ശിവകുമാർ (ഡി.കെ.എസ്.) കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ഉദാഹരണമാക്കി രംഗത്ത്. ബെംഗളൂരുവിലെ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കവെയാണ്, അധികാരം വേണ്ടെന്ന് വെച്ച സോണിയയുടെ ത്യാഗത്തെ അദ്ദേഹം ഓർമ്മിപ്പിച്ചത്.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ വിജയിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയാ ഗാന്ധിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അവർ ആ അവസരം നിരാകരിക്കുകയും പകരം മൻമോഹൻ സിങ്ങിന് അവസരം നൽകുകയും ചെയ്തുവെന്ന ചരിത്രമാണ് ശിവകുമാർ ഓർമ്മിപ്പിച്ചത്.
“ഇരുപത് വർഷം കോൺഗ്രസിന്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. അവരും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം അവരെ പ്രധാനമന്ത്രിയാകാൻ വിളിച്ചതാണ്. എന്നാൽ, അവർ അത് നിരസിക്കുകയും രാജ്യത്തെ മുന്നോട്ട് നയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മൻമോഹൻ സിങ്ങിനെ നിർദേശിക്കുകയും ചെയ്തു,” ശിവകുമാർ പറഞ്ഞു.
ഇതിനിടെ, സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിനൊപ്പം നിലകൊള്ളാൻ കർണാടകയിലെ ജനങ്ങളോട് ഡി.കെ. ശിവകുമാർ അഭ്യർഥിക്കുകയും ചെയ്തു. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങളെ വീണ്ടും അനുഗ്രഹിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.