രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട്ടെ റിസോർട്ടുകളിൽ വ്യാപക പരിശോധന

ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ജില്ലയിൽ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട് ജില്ലയിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇന്ന് പോലീസ് പരിശോധന നടത്തി.

രാഹുൽ ഇവിടെയുണ്ടെന്ന വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. ഇതിനിടെ, ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെയുള്ള നിർണായകമായ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ കോടതിക്ക് കൈമാറി. അഭിഭാഷകൻ വഴിയാണ് ഒൻപത് ഫയലുകൾ അടങ്ങുന്ന മുദ്രവെച്ച കവർ കോടതിക്ക് നൽകിയത്.

കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. യുവതി ഗർഭച്ഛിദ്രം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഈ കവറിൽ ഉണ്ടെന്നാണ് വിവരം. അതേസമയം, ഗർഭച്ഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ചു നൽകിയ കേസിൽ രാഹുലിന്റെ സുഹൃത്തും പ്രതിയുമായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സമർപ്പിച്ചില്ല. മറ്റൊരു ദിവസം അപേക്ഷ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുലിനെ കൂടാതെ ജോബി ജോസഫും നിലവിൽ ഒളിവിലാണ്.

30-Nov-2025