ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി . രാഹുലിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

ബിഎൻഎസ് 75 (3) വകുപ്പ് കൂടി കൂട്ടി ചേർത്തിട്ടുണ്ട്. അതിജീവിതയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുലിന്റെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഫോണും പരിശോധിക്കുന്നുണ്ട്.

ഇന്ന് വൈകീട്ടോടെയാണ് കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആർ ക്യാമ്പിലെത്തിച്ച് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. നാലാം പ്രതി സന്ദീപ് വാര്യരാണ് പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

30-Nov-2025