മാടമ്പിള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് സുരേഷ്‌ഗോപിക്ക് കൂടുതൽ അനുയോജ്യം: പികെ ദിവാകരൻ
അഡ്മിൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിക്ഷേപപരാമർശങ്ങൾക്ക് മറുപടിയായി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി. കെ. ദിവാകരൻ പ്രതികരിച്ചു. തൃശൂരിലെ ‘രാജാവാണെന്ന്’ കരുതി നടക്കുന്ന സുരേഷ് ഗോപിക്ക്, “മാടമ്പിള്ളിയിലെ മനോരോഗി” എന്ന വിശേഷണമാണ് കൂടുതൽ യോജിച്ചതാണെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവാകരന്റെ പ്രതികരണം.
പോസ്റ്റിൻ്റെ പൂര്‍ണരൂപം
വടകരയിൽ നടന്ന മനോരമയുടെ വോട്ടുകവല പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണം ശ്രദ്ധയിൽപ്പെട്ടു. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടുനടക്കുന്ന അദ്ദേഹത്തിന് മാടമ്പിള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് കൂടുതൽ അനുയോജ്യമെന്ന് ഈ പ്രതികരണത്തോടെ വീണ്ടും ബോധ്യമായിരിക്കുകയാണ്.
മനോരമയുടെ വോട്ടുകവലയിൽ സംഘപരിവാർ പ്രതിനിധി തൃശൂർ, തിരുവനന്തപുരം കോർപറേഷനുകളിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തിരുവനന്തപുരത്ത് സ്ഥാനാർഥിപ്രഖ്യാപനത്തെ തുടർന്ന് ബിജെപിയിൽ നടന്ന തമ്മിലടിയും ബഹളവും ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു എംപിയെന്ന നിലയിൽ പൂർണ്ണപരാജയമായ സുരേഷ്‌ഗോപി തന്നെ തൃശൂരിൽ അവരുടെ കുഴി തോണ്ടുമെന്നും പറഞ്ഞു.
കേരളത്തിന് 57000 കോടി തടഞ്ഞുവെച്ചപ്പോഴോ വയനാട് ദുരന്തത്തിൽ കേന്ദ്രം നമ്മളെ ക്രൂരമായി അവഗണിച്ചപ്പോഴോ ഒരക്ഷരം മിണ്ടാതെ തൃശൂർ തമ്പ്രാൻ കളിച്ചുനടന്ന സുരേഷ്‌ഗോപി ഇപ്പോൾ സ്വയം അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിൻ്റെ നടപ്പ്. വടകരയിലെ ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയുടെ 40 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
ഫെഡറൽ സംവിധാനത്തിൽ കേരളത്തിന് അവകാശപ്പെട്ടത് തരാൻ പോലും തയ്യാറാവാതെ കണ്ണിൽ പൊടിയിടാൻ പദ്ധതി വിഹിതം തരുന്ന ഇദ്ദേഹമൊക്കെ കേന്ദ്രമന്ത്രിയാണെന്ന് പറയുന്നത് തന്നെ നമുക്ക് നാണക്കേടാണ്. കലുങ്ക് ചർച്ച നടത്തി ഇതിനകം പരിഹാസ്യനായിട്ടുണ്ടെന്നറിയാം, എങ്കിലും പിച്ചലും മാന്തലുന്നുമല്ലാതെ, കേരളത്തോടുള്ള കേന്ദ്ര സമീപനത്തെപ്പറ്റി വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് വെല്ലുവിളിക്കുകയാണ്.