കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്

കൊയിലാണ്ടി എംഎൽഎയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് അഞ്ചിന് കുനിയില്‍ക്കടവ് ജുമാമസ്ജിദിലാണ് ചടങ്ങുകൾ നടക്കുക. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഭൗതികദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകുന്നത്.

പത്തരയോടെ കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിലും ഒന്നര മുതൽ രണ്ടരവരെ തലക്കുളത്തൂരിലെ മിയാമി കൺവൻഷൻ സെൻ്ററിലും പൊതുദർശനം നടക്കും. തുടർന്ന് ചോയികുളത്തെ വീട്ടിലെത്തിച്ച് വൈകിട്ട് അഞ്ചിന് അത്തോളി കുനിയിൽകടവ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.

കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെ. രാജൻ, ഇ.പി. ജയരാജൻ, എം. ബി. രാജേഷ്, ടി. പി. രാമകൃഷ്ണൻ, ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

അസുഖസമയത്തും സഭയിൽ ജനങ്ങൾക്ക് വേണ്ടി ശക്തമായ ഇടപെടൽ നടത്തിയ ആളാണ് കാനത്തിൽ ജമീലയെന്ന് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു. സംഘടനാരംഗത്തും മികച്ച പ്രവർത്തനം തന്നെയായിരുന്നു നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു.

 

02-Dec-2025