രാഹുലിനെതിരെ നടപടി വൈകുന്നതിൽ വ്യക്തമായ മറുപടി നൽകാതെ സണ്ണി ജോസഫ്

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടി തല നടപടി വൈകുന്നതിൽ വ്യക്തമായ മറുപടി നൽകാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ‘ഉചിതമായ നടപടി ഉചിതമായ സമയത്ത് എടുക്കും’ എന്ന പതിവ് പല്ലവിയാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചത്.

വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും എന്നാൽ നടപടി എടുക്കാൻ സമയമായില്ലെന്നുമുള്ള അഭിപ്രായപ്രകടനവും സണ്ണി ജോസഫ് നടത്തി. പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു എന്നും, കടുത്ത നടപടി സ്വീകരിക്കാൻ ചില നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ നടപടികൾ ദേശീയ നേതൃത്വത്തോടും സംസ്ഥാനത്തെ നേതാക്കളുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ നേതൃത്വവും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമടക്കം രാഹുലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ നിലനിൽക്കെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ ഈ ഒഴിഞ്ഞുമാറ്റം.

04-Dec-2025