അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെകെ ശൈലജ ടീച്ചർ

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി പുറത്തുവന്നതിന് പിന്നാലെ, കേസിൽ ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.എൽ.എയുമായ കെ.കെ. ശൈലജ ടീച്ചർ . എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച അവർ, അപ്പീൽ പോകുമെന്ന പ്രോസിക്യൂഷൻ്റെ സൂചനയെ സ്വാഗതം ചെയ്യുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കുറ്റകൃത്യം തെളിഞ്ഞുവെന്നും ടീച്ചർ വ്യക്തമാക്കി. അതേസമയം, ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിൻ്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബാക്കി പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

08-Dec-2025