നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് പിന്തുണയുമായി മന്ത്രി വീണ ജോർജ്. അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാടാണ് എന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പ്രിയപ്പെട്ടവളെ നിനക്കൊപ്പം എന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവളെ നിനക്കൊപ്പം. അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാടാണ്. തുടർന്നും ഒപ്പം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.