അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ.കെ. ശൈലജ ടീച്ചർ

നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിച്ചും അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ചുമുള്ള യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചർ രൂക്ഷ വിമർശനം ഉന്നയിച്ചു.

അടൂർ പ്രകാശിന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ.കെ. ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അൽപം മനുഷ്യത്വം വേണമെന്നും അവർ കൂട്ടിച്ചേർത്തു.

കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക തന്നെ ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാൻ ആ മകൾക്ക് പിന്തുണ നൽകുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കെ.കെ. ശൈലജ ടീച്ചറിന്റെ കുറിപ്പിൽ പറയുന്നു.

09-Dec-2025