സർക്കാർ അതിജീവിതയുടെ ഒപ്പം ശക്തമായി നിലകൊള്ളും: മന്ത്രി സജി ചെറിയാൻ
അഡ്മിൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികളുടെ ശിക്ഷാവിധി പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രതികരണവുമായി രംഗത്തെത്തി. സർക്കാർ അതിജീവിതയുടെ ഒപ്പം ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഇത്രയും പ്രമാദമായ കേസിൽ നൽകിയ ശിക്ഷയിൽ എന്തെങ്കിലും കുറവുണ്ടോ എന്ന് സർക്കാർ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
“പരമാവധി ശിക്ഷ ലഭിച്ചില്ല എന്നതിനാലാണ് വിധി പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. പ്രോസിക്യൂഷന് യാതൊരു വീഴ്ചയും വന്നിട്ടില്ല. ആറ് പ്രതികൾ കുറ്റക്കാരാണെന്നും അവർ ഗുരുതരമായ കുറ്റം ചെയ്തുവെന്നും കൃത്യമായ തെളിവുകൾ ഉണ്ടെന്നും കോടതി ആദ്യം തന്നെ വ്യക്തമാക്കി. ഇതിൽ പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി നിർവഹിച്ചു. പരമാവധി ശിക്ഷ കിട്ടാത്തതിനെക്കുറിച്ചാണ് ഇപ്പോൾ സംശയം ഉയരുന്നത്.
കോടതി വിധി പഠിക്കാതെ ആധികാരികമായി പറയാൻ കഴിയില്ല. പരമാവധി ശിക്ഷ ലഭ്യമാകണമെന്നാണ് സർക്കാരും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. പരമാവധി ശിക്ഷ ലഭിക്കാത്തിടത്തോളം കാലം, വിധി മനസിലാക്കി അതിജീവിതക്കൊപ്പം സർക്കാർ മുന്നോട്ട് പോകുമെന്നത് വ്യക്തമായി പറയുന്നു,” സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.