എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ചു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയെ എതിർക്കേണ്ടതുണ്ടോ: തോമസ് ഐസക്
അഡ്മിൻ
കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേര് മാറ്റത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും രണ്ട് പദ്ധതികളും ഏതാണ്ട് ഒരേ വേഗതയും സമാനമായ സവിശേഷതകളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കെ-റെയിൽ പദ്ധതിയെ എതിർത്ത യുഡിഎഫ്, ഇപ്പോൾ ഇ. ശ്രീധരന്റെ പുതിയ നിർദ്ദേശത്തെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ചു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയെ എതിർക്കേണ്ടതുണ്ടോ എന്നും ഐസക് ചോദിച്ചു.
കെ-റെയിലിന് ഡിപിആർ പോലുമില്ലെന്ന് പറഞ്ഞ് കുറ്റി പറിക്കാൻ നടന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ എന്തിനാണ് ധൃതി കാണിക്കുന്നതെന്നും ഐസക് ചോദിച്ചു. യഥാർത്ഥത്തിൽ കെ-റെയിലിന് ശാസ്ത്രീയമായ ലിഡാർ സർവ്വേയും അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ട് തയ്യാറാക്കിയ ഡിപിആറും ഉണ്ടായിരുന്നു. എന്നാൽ ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിന് നിലവിൽ ഡിപിആർ പോലുമില്ലെന്നും ഇതിന് ഡിഎംആർസിയെ ചുമതലപ്പെടുത്താൻ പോകുന്നതേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിർദ്ദേശപ്രകാരം പാത കൂടുതൽ എലവേറ്റഡ് (ഉയർന്നു നിൽക്കുന്ന) ആയതിനാൽ നിർമ്മാണത്തിന് കൂടുതൽ പാറകളും സാമഗ്രികളും വേണ്ടിവരുമെന്നും ഇത് പദ്ധതി ചെലവ് കുത്തനെ കൂട്ടുമെന്നും ഐസക് നിരീക്ഷിച്ചു. കെ-റെയിലിന് കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം തുക പുതിയ പദ്ധതിക്ക് ചിലവായേക്കാം. കേരളത്തിന്റെ ഓഹരി പങ്കാളിത്തം കുറഞ്ഞതും കേന്ദ്രത്തിന്റെ നിയന്ത്രണം വർദ്ധിക്കുന്നതുമായ കൊങ്കൺ മോഡൽ വി.ഡി. സതീശന് സ്വീകാര്യമാകുന്നത് വിചിത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒരു പദ്ധതിയും അറിയിച്ചിട്ടില്ലെന്നും ഇ. ശ്രീധരന്റെ വാക്കുകൾ കേട്ട് എടുത്തുചാടേണ്ടതില്ലെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിന്റെ നിർദ്ദേശം വന്നാൽ സംസ്ഥാന സർക്കാർ അത് പഠിച്ച് പ്രതികരിക്കും. എന്നാൽ കേരളം മുന്നോട്ടുവെച്ച പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ, കേന്ദ്ര നിയന്ത്രണത്തിലുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയ വിരോധം മൂലമാണെന്നും ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.