മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ അജിത് പവാറിന് സ്വന്തം ജന്മനാട്ടിൽ ദാരുണാന്ത്യം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാരാമതിയിൽ എൻസിപിയുടെ പരിപാടിയിൽ പങ്കെടുക്കാനായി എത്തുമ്പോഴായിരുന്നു അജിത് പവാറിന്റെ സ്വകാര്യ ചെറുവിമാനം അപകടത്തിൽപ്പെട്ടത്. ഇന്ന് നാല് റാലികളിലാണ് അജിത് പവാർ പങ്കെടുക്കേണ്ടിയിരുന്നത്.
ബാരാമതിയിലെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറുകയായിരുന്നു. വിമാനം പൂർണമായും കത്തിനശിച്ചു. രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം 8.45നാണ് ബാരാമതിയിൽ എത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ അജിത് പവാർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അജിത് പവാറിന്റെ രണ്ട് അസിസ്റ്റന്റുമാർ, പൈലറ്റ്, സഹ പൈലറ്റ്, ഒരു എൻസിപി പ്രവർത്തകൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ഇവരുടെ മരണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.