പ്ലാസ്റ്റിക് മുക്ത മുന്നാറിലേക്ക് പഞ്ചായത്ത്; നിയമലംഘനം അറിയിക്കുന്നവർക്ക് പിഴത്തുകയുടെ 25% പാരിതോഷികം

ഓഗസ്റ്റ് 1 മുതൽ മുന്നാറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും മുന്നാർ ഗ്രാമപഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി. നിയമം കർശനമായി നടപ്പാക്കുന്നതിനായി ആറംഗ പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന പൊതുജനങ്ങൾ തെളിവുസഹിതം പഞ്ചായത്തിനെ അറിയിച്ചാൽ ചുമത്തുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും.

2025 ജൂണിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധന ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയകുമാർ അറിയിച്ചു. ഉപയോഗശേഷം ഉപേക്ഷിക്കുന്ന അരലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ, ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഗ്ലാസുകൾ, സ്‌ട്രോകൾ, ക്യാരി ബാഗുകൾ തുടങ്ങിയവയ്ക്കാണ് നിരോധനം ബാധകമാകുന്നത്.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. ആദ്യമായി പിടിക്കപ്പെടുന്നവർക്ക് ₹10,000 പിഴയും, രണ്ടാം തവണ ₹25,000 പിഴയും, മൂന്നാം തവണ ₹2.5 ലക്ഷം വരെ പിഴയും ചുമത്തും.

മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ പ്ലാസ്റ്റിക് കത്തിക്കുകയോ ചെയ്താൽ ₹5,000 പിഴ ഈടാക്കും. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ തള്ളുന്നതിന് ₹1,000 മുതൽ ₹10,000 വരെ പിഴ ചുമത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 
 
 
 

30-Jul-2026