ടി.എം.സി ഫണ്ടിൽ നിന്ന് 160 കോടി വിമാനക്കമ്പനിക്ക്; കള്ളപ്പണ ഇടപാട് അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തൽ

എംബ്രയർ ജെറ്റും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങുന്നതിനായി തൃണമൂൽ കോൺഗ്രസ് പാർട്ടി ഫണ്ടിൽ നിന്ന് 160 കോടി രൂപ വിമാനക്കമ്പനിക്ക് കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. പിന്നീട് ഇതേ വിമാനവും ഹെലികോപ്റ്ററും ഉയർന്ന നിരക്കിൽ തൃണമൂൽ കോൺഗ്രസ് തന്നെ വാടകയ്ക്കെടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെയർവെൽ എവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലേക്കാണ് ടി.എം.സി അക്കൗണ്ടുകളിൽ നിന്ന് ഈ തുക കൈമാറിയത്. ഇതിന് പുറമെ, വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കുന്നതിനുള്ള വാടക ഇനത്തിൽ മാത്രം 187 കോടി രൂപ കൂടി പാർട്ടി കമ്പനിക്ക് നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനിയെ ചുറ്റിപ്പറ്റിയുള്ള കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

വിമാനങ്ങളും ഹെലികോപ്റ്ററുകളും സ്വന്തമായി വാങ്ങാൻ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാതിരുന്ന കമ്പനിക്ക് 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി തൃണമൂൽ കോൺഗ്രസ് നൽകിയതായും ഇഡി പറയുന്നു. എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്റ്റവെസ്റ്റ്ലാന്റ് 109SP ഹെലികോപ്റ്ററും വാങ്ങാനാണ് ഈ തുക ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടർന്ന് ഈ ആസ്തികൾ തന്നെ പാർട്ടിക്ക് ഉയർന്ന വാടകയ്ക്ക് നൽകുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടും കള്ളപ്പണ ഇടപാടും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിൽ മറ്റൊരു നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റായി ലഭിച്ച തുക കെയർവെൽ എവിയേഷൻ ഉടൻ തന്നെ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രജിസ്റ്റർ ചെയ്ത ‘കെയർവെൽ ഫ്‌ലൈജെറ്റ് ഐ.എഫ്.എസ്.സി. പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. ഗിഫ്റ്റ് സിറ്റിയിലെ ഇത്തരം സ്ഥാപനങ്ങൾ ഓഫ്ഷോർ സ്ഥാപനങ്ങളുടെ മാതൃകയിലാണ് പ്രവർത്തിക്കുന്നത്.

കൂടാതെ, ഗുജറാത്തിലെ ഈ സ്ഥാപനത്തിന് കെയ്മാൻ ദ്വീപുകളിൽ നിന്ന് ലഭിച്ച ഏകദേശം 16 കോടി രൂപയുടെ ഉറവിടവും ഇഡി പരിശോധിച്ചുവരികയാണ്. വിമാനത്തിന് പ്രതിമാസം കുറഞ്ഞത് 90 ലക്ഷം രൂപയും ഹെലികോപ്റ്ററിന് 60 ലക്ഷം രൂപയും വാടകയായി നൽകണമെന്ന വ്യവസ്ഥയോടെയാണ് ഇടപാടുകൾ നടന്നതെന്നും, ഇവ മുഴുവൻ സംശയാസ്പദ സ്വഭാവമുള്ളവയാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

17-Aug-2026