പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് അഴിമതി നടന്നോ? പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പൂഞ്ഞാറിൽ നടന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിക്കുള്ളിലെ സമ്മർദത്തെ തുടർന്നാണ് പി.സി. ജോർജ് പിന്നീട് തന്റെ പരാമർശം തിരുത്തിയതെന്ന് കുളത്തുങ്കൽ ആരോപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളും വർഗീയ വിദ്വേഷം വളർത്തുന്ന പ്രസ്താവനകളും നടത്തുന്നത് അദ്ദേഹത്തിന്റെ പതിവാണെന്നും വിമർശിച്ചു.

തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കുളത്തുങ്കൽ, വിഷലിപ്തമായ പ്രചാരണങ്ങൾക്കെതിരെയും പരാതി നൽകുമെന്ന് പറഞ്ഞു. കുടുംബപശ്ചാത്തലത്തെ കുറിച്ച് പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് വിജയിച്ച ശേഷം കേരള കോൺഗ്രസ് എമ്മിലേക്ക് ചേർന്നെന്ന പി.സി. ജോർജിന്റെ ആരോപണം കുളത്തുങ്കൽ തള്ളി. കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിച്ച് വിജയിച്ചതെന്നും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

18-Aug-2026