സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികർക്കായി പ്രത്യേക സുരക്ഷാ സംവിധാനം വേണം; ജയശങ്കറിന് കത്തുമായി ജോൺ ബ്രിട്ടാസ്

സംഘർഷബാധിത സമുദ്രമേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ, ക്ഷേമം, നഷ്ടപരിഹാര അവകാശങ്ങൾ എന്നിവ ഉറപ്പാക്കാൻ ശക്തമായ നയതന്ത്ര-കോൺസുലാർ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ, കരിങ്കടൽ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള സമുദ്രമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ നാവികർ ഗുരുതരമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യസഭയിൽ സർക്കാർ നൽകിയ മറുപടി ഉദ്ധരിച്ച്, മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ രൂക്ഷമായതിന് പിന്നാലെ 16 ഇന്ത്യൻ പൗരന്മാർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. മരിച്ചവരിൽ 10 പേർ നാവികരാണെന്നും ഇത് മേഖലയിലെ അപകടസാധ്യതയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദുരിതത്തിലാകുന്ന നാവികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർക്കാർ സംവിധാനങ്ങളുമായി ഉടൻ ബന്ധപ്പെടാൻ കഴിയുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത അടിയന്തര കോൺടാക്റ്റ് സംവിധാനം ഒരുക്കണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. കാണാതാകൽ, അപകടം, തടങ്കൽ, വേതന കുടിശ്ശിക, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരൽ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ ദൗത്യങ്ങൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.

ഓഗസ്റ്റ് 12 മുതൽ ജപ്പാൻ പതാകയുള്ള വിക്ടോറിയസ് ഏസ് കപ്പലിൽ നിന്ന് കാണാതായ കൊച്ചി സ്വദേശിയായ ഡെക്ക് ഓഫീസർ ട്രെയിനി ഷിന്റൺ ബെന്നിയുടെ വിഷയവും ബ്രിട്ടാസ് കത്തിൽ ഉന്നയിച്ചു. ഷിന്റണിനെ കണ്ടെത്താനും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമായി അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘർഷ മേഖലകളിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും മറ്റ് കരാർ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട 16 മരണങ്ങളിൽ ഒമ്പത് കേസുകളിൽ മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുള്ളതെന്നും നിരവധി കുടുംബങ്ങൾ ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളിൽ ഇന്ത്യൻ മിഷനുകൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി നഷ്ടപരിഹാരവും മറ്റ് നിയമാനുസൃത കുടിശ്ശികകളും വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ബ്രിട്ടാസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചു.

18-Aug-2026