സെൻസസ് വഴി എൻപിആർ അജണ്ട നടപ്പാക്കാൻ കേന്ദ്ര ശ്രമം: പിണറായി വിജയൻ

സെൻസസ് നടപടികളിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാനുള്ള അജണ്ടയാണ് കേന്ദ്ര സർക്കാർ ഒളിച്ചുകടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിക്കുമെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

സെൻസസും എൻപിആറും വ്യത്യസ്ത പ്രക്രിയകളാണെങ്കിലും, സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പിണറായി ആരോപിച്ചു. എൻപിആറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് എൻആർസി പട്ടിക തയ്യാറാക്കുന്നതെന്നും, എൻപിആർ എൻആർസിയിലേക്കുള്ള ആദ്യപടിയാണെന്നും 2018-19ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതാപിതാക്കളുടെ ജനനസ്ഥലവും മതവും സംബന്ധിച്ച വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്തുന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നും പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. ജനങ്ങളെ വിഭജിക്കാൻ ഇടയാക്കുന്ന ഇത്തരം ചോദ്യങ്ങൾ സെൻസസിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിടുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ഈ വിഷയത്തിൽ യുഡിഎഫ് സർക്കാർ മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്നും പിണറായി വിമർശിച്ചു.

എൻപിആർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടും ചോദ്യം ചെയ്ത അദ്ദേഹം, 2003ലെ പൗരത്വ നിയമഭേദഗതിയിലൂടെ എൻആർസിക്കും എൻപിആറിനും വഴിയൊരുങ്ങിയെങ്കിലും, 2010ൽ അത് നടപ്പിലാക്കിയത് യുപിഎ സർക്കാരാണെന്ന് ആരോപിച്ചു. എൻപിആർ, എൻആർസി, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ നടപടികൾക്ക് തുടക്കമിട്ടത് കോൺഗ്രസാണെന്നും അതുകൊണ്ടാണ് യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന് 2019ൽ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നും, 2027ലെ സെൻസസ് നടപടികളുടെ ഭാഗമായും എൻപിആർ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന വിജ്ഞാപനം പിന്നീട് പുറത്തിറക്കിയിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ഭരണമാറ്റത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും ഈ വിഷയത്തിലും അതേ നിലപാട് തുടരുമോയെന്ന് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

19-Aug-2026