100 ദിവസം: വാഗ്ദാനങ്ങളേക്കാൾ വിവാദങ്ങൾ; സതീശൻ സർക്കാരിന് മുന്നറിയിപ്പുമായി രാഷ്ട്രീയ വിലയിരുത്തൽ

വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളോടെയാണ് വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ നൂറ് ദിവസം പിന്നിടുമ്പോൾ ഭരണനേട്ടങ്ങളെക്കാൾ വിവാദങ്ങളും ആഭ്യന്തര അസ്വാരസ്യങ്ങളും നിയമന തർക്കങ്ങളുമാണ് സർക്കാരിനെ കൂടുതൽ പിന്തുടരുന്നതെന്ന വിമർശനമാണ് ശക്തമാകുന്നത്. മേയ് 18ന് അധികാരമേറ്റ സർക്കാരിന്റെ നൂറാം ദിനം ചൊവ്വാഴ്ച പൂർത്തിയാകുമ്പോൾ ഭരണനടപടികളുടെ വേഗതയും കാര്യക്ഷമതയും ചോദ്യചിഹ്നമായി തുടരുകയാണ്.

പിണറായി വിജയൻ സർക്കാരിൽ നിന്ന് വ്യത്യസ്തമായ ശൈലി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും പല വിഷയങ്ങളിലും വ്യക്തമായ തീരുമാനമെടുക്കുന്നതിൽ സർക്കാർ പിന്നിലായെന്ന ആരോപണവും ഉയരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ സമരം നീണ്ടുനിന്നപ്പോഴും നിയമന വിഷയങ്ങളിൽ അനിശ്ചിതത്വം തുടർന്നപ്പോഴും സർക്കാരിന്റെ പ്രതികരണം വിമർശനങ്ങൾക്ക് വഴിവെച്ചു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സജീവ ഇടപെടലുകൾ ശ്രദ്ധ നേടിയെങ്കിലും മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി സ്ഥാന നിർണയ ഘട്ടത്തിൽ ആരംഭിച്ച ശീതസമരത്തിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന വിമർശനവും ശക്തമാണ്. ചില മന്ത്രാലയങ്ങൾ പൂർണ പ്രവർത്തനക്ഷമതയിലെത്താൻ വൈകിയതും രണ്ട് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കാൻ പോലും മാസങ്ങൾ എടുത്തതും സർക്കാരിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളായി മാറി.

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ ഇതുവരെ പൂർത്തിയാകാത്തതും സർക്കാരിനെതിരായ വിമർശനങ്ങൾക്ക് ആക്കം കൂട്ടി. പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചെന്ന ആരോപണത്തെ തുടർന്ന് മന്ത്രി സണ്ണി ജോസഫ് വിവാദത്തിലായി. പ്ലീഡർ നിയമനങ്ങളിലെ ആരോപണങ്ങളും ദേവസ്വം വകുപ്പിന്റെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി. ശബരിമല കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്ലീഡറായി നിയമിച്ചതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുകയും ‘സംഘിവത്‌കരണം’ ആരോപണം ഉന്നയിക്കുകയും ചെയ്തു.

സർക്കാരിനെതിരായ വിമർശനങ്ങൾക്കൊപ്പം ഭരണകക്ഷിക്കുള്ളിൽ നിന്നുതന്നെ സമാന ആരോപണങ്ങൾ ഉയർന്നതും അസ്വസ്ഥത വർധിപ്പിച്ചു. കെ.പി.സി.സി നേതാക്കളുടെ പരസ്യ വിമർശനങ്ങൾ സർക്കാരിനുള്ളിലെ പടലപ്പിണക്കം പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നൂറ് ദിവസത്തെ ഭരണത്തെ മുൻ സർക്കാരുമായി താരതമ്യം ചെയ്ത് ന്യായീകരിക്കാനാകുമെങ്കിലും ഇനി വരുന്ന കാലത്ത് സതീശൻ സർക്കാരിന്റെ സ്വന്തം പ്രകടനമാണ് വിലയിരുത്തലിന്റെ മാനദണ്ഡമാകുക. അതിനാൽ വിവാദങ്ങളിൽ നിന്ന് ഭരണനേട്ടങ്ങളിലേക്കുള്ള മാറ്റം സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

24-Aug-2026