‘ബിജെപി ബിഗ് സീറോ’; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേവൻ

ബിജെപിയിൽ ചേർന്നത് തനിക്ക് യാതൊരു രാഷ്ട്രീയ നേട്ടവും നൽകിയില്ലെന്ന വിമർശനവുമായി നടൻ ദേവൻ. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനരീതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ബിജെപിയെ ‘ബിഗ് സീറോ’ എന്നാണ് വിശേഷിപ്പിച്ചത്.

ബിജെപി സംസ്ഥാന നേതാക്കൾക്ക് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും പ്രവർത്തിക്കാൻ തയ്യാറാകാത്തതിനൊപ്പം മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നുമില്ലെന്നും ദേവൻ ആരോപിച്ചു. പാർട്ടിയുടെ പരിപാടികൾക്ക് പോലും തന്നെ വിളിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാടാനപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ദേവൻ വിശദീകരണം നൽകി. സ്ഥാനാർഥിയുടെ അഭ്യർഥന പ്രകാരമാണ് താൻ അവിടെ പോയതെന്നും പ്രാദേശിക ബിജെപി നേതാക്കളാണ് തന്നെ ഒരു പ്രവർത്തകന്റെ വീട്ടിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ പണത്തിന് വേണ്ടിയാണ് പ്രചാരണത്തിന് പോയതെന്ന ആരോപണം തെറ്റാണെന്നും അന്നത്തെ സംഭവങ്ങൾക്ക് ഉത്തരവാദി ടി.എൻ. പ്രതാപനാണെന്നും ദേവൻ ആരോപിച്ചു.

സാമ്പത്തിക വിഷയങ്ങളിൽ തനിക്ക് ഇനിയും പല കാര്യങ്ങളും പറയാനുണ്ടെന്നും അനുയോജ്യമായ സമയത്ത് അവ പുറത്തുവിടുമെന്നും ദേവൻ വ്യക്തമാക്കി. എന്നാൽ കൂടുതൽ കാര്യങ്ങൾ പറയാൻ തന്നെ നിർബന്ധിക്കരുതെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.

രാഷ്ട്രീയ ബോധമുള്ള താരങ്ങൾ മലയാള സിനിമയിൽ കുറവായതിനാൽ കൂടുതൽ താരങ്ങൾ ടിവികെയിലേക്ക് എത്തുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ലെന്നും ദേവൻ പറഞ്ഞു.

24-Aug-2026